തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന മുസലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
സ്വാഭാവികമായും തെരഞ്ഞെടുപ്പുവേളകളില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അവകാശവാദവുമായി രംഗത്തു വരാറുണ്ട്, എന്നാല്‍ ഓരോ അവകാശ വാദവും സൂക്ഷ്മമായി പരിശോധിച്ചാണ് ഐക്യ ജനാധിപത്യമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് തീരുമാനമെടുക്കുന്നതെന്നാണ് ഏഷ്യാനെറ്റിനോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്.
ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു അവലോകനം നടത്തിയാല്‍ ഏതെങ്കിലും പാര്‍ട്ടിക്ക് പ്രത്യേകിച്ച് ക്ഷീണമോ ശക്തിയോ ഉണ്ടായിട്ടില്ലെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
‘മുഹമ്മദ് ബഷീര്‍ അവകാശവാദം ഉന്നയിച്ചതില്‍ തെറ്റു പറയാന്‍ പറ്റില്ല. എന്നാല്‍ കൂടുതല്‍ അവകാശവാദവുമായി ആരെങ്കിലും വന്നാല്‍ കോണ്‍ഗ്രസ് അത് അംഗീകരിച്ചുകൊടുക്കാന്‍ വഴിയില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കോണ്‍ഗ്രസിനകത്തും യു.ഡി.എഫിനകത്തും ഐക്യമുണ്ടാവണം എന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താന്‍ ആവൂ’, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ ലീഗിന് യാതൊരു എതര്‍പ്പുമില്ലെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ നേരത്തേ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഇ. ടി പറഞ്ഞത്. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ശക്തിയും അവകാശവുമനുസരിച്ച് സീറ്റുകള്‍ കൂട്ടി ചോദിക്കുമെന്നാണ് ഇ. ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്.
സംസ്ഥാന രാഷ്ട്രീയത്തില്‍ പി. കെ കുഞ്ഞാലിക്കുട്ടി അനിവാര്യമാണെന്ന് കണ്ടതുകൊണ്ടാണ് അദ്ദേഹത്തെ തിരിച്ച് വിളിച്ചത്. ഇത് ഉറച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പരമാധികാരിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലെടുത്ത തീരുമാനമായതിനാല്‍ അതില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ഇ. ടി കൂട്ടിച്ചേര്‍ത്തു.
കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങുന്നതും എം.പിസ്ഥാനം രാജിവെക്കുന്നതും പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു. യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന്‍ അലി തങ്ങളായിരുന്നു ഇക്കാര്യം പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അഭിപ്രായ വ്യത്യാസമില്ലെന്ന് ഇ. ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക