തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പുതിയ ആള്‍ വന്നേക്കുമെന്ന സൂചനയുമായി കോണ്‍ഗ്രസ് എം.പിയും മുതിര്‍ന്ന നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പ്രതിപക്ഷ നേതാവിനെ 21 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ അഭിപ്രായം മാത്രം കേട്ട് തീരുമാനിക്കേണ്ട സാഹചര്യമല്ല നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് നല്ല അവഗാഹമുള്ള നേതാവായിരിക്കണം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരേണ്ടതെന്നും ഇക്കാര്യത്തില്‍ വിശാലമായ ചര്‍ച്ച കോണ്‍ഗ്രസിനകത്ത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് അംഗങ്ങളുമായും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളുമായുമെല്ലാം ആലോചിച്ച് ഉറച്ച തീരുമാനമെടുത്ത് മാത്രമെ കേരളത്തിലെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനാകൂയെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
‘നിയമസഭ കൂടുന്നതിന് മുന്‍പ് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്താല്‍ മതി. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രതിപക്ഷ നേതാവിനെ ആവശ്യമില്ല. വളരെ പെട്ടെന്ന് പ്രതിപക്ഷ നേതാവ് ആരെന്ന് അനൗണ്‍സ് ചെയ്യും. അങ്ങനെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ ഇനിയൊരു വീഴ്ച പറ്റാന്‍ പാടില്ല. വളരെ ആലോചിച്ച് മാത്രമെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനാകൂ. അതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു,’ ഉണ്ണിത്താന്‍ പറഞ്ഞു.