| Monday, 9th April 2018, 1:01 pm

മീശമാധവനിലെ പിള്ളേച്ചന് കാണിച്ച 'കണി' പിണറായി വിജയനും കാണിക്കാന്‍ സമയമായി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പയ്യന്നൂര്‍: കേരളത്തിലെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി വിജയന് “മീശമാധവന്‍” സിനിമയില്‍ പിള്ളേച്ചനു കാണിച്ച “കണി” കാണിക്കാന്‍ സമയമായെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കണ്ണൂര്‍ പയ്യന്നൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ നയിക്കുന്ന ജനമോചന യാത്രയ്ക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍.

“കേരളത്തിലെ ജനങ്ങളെ എല്ലാ തലത്തിലും ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി വിജയന് “മീശമാധവന്‍” സിനിമയില്‍ ജഗതി ശ്രീകുമാറിന്റെ കഥാപാത്രമായ പിള്ളേച്ചന് കാണിക്കുന്ന “കണി” കാണിക്കാന്‍ സമയമായി.” ഉണ്ണിത്താന്‍ പറഞ്ഞു. കേരളം കണ്ട കോര്‍പ്പറേറ്റ് കമ്മ്യൂണിസ്റ്റ് കാരനാണ് പിണറായി വിജയനെന്നും ഉണ്ണിത്താന്‍ വിമര്‍ശിച്ചു.

“മുതലാളിമാര്‍ക്ക് വേണ്ടിയാണ് വിജയന്റെ ഭരണം. പാവപ്പെട്ടവന്റെ ദുരിതം മനസ്സിലാക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. വിശപ്പടക്കാന്‍ ഒരുപിടി അരിമോഷ്ടിച്ചവനെ കള്ളനെന്നു പറഞ്ഞ് അടിച്ചു കൊല്ലുന്നു. എന്നാല്‍ അറബിയുടെ പതിമൂന്നു കോടി രൂപ തട്ടിച്ചുവന്ന കോടിയേരിയുടെ മകന്‍ കള്ളനല്ല. ഇതാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്.” ഉണ്ണിത്താന്‍ പറഞ്ഞു.

മോദിയുടെ ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കാന്‍ എല്ലാ ജനാധിപത്യ മതേതര പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നതെന്നു പറഞ്ഞ ഉണ്ണിത്താന്‍ സിപി.ഐ.എം കരുതുന്നത് മോദിയെ തങ്ങള്‍ക്ക് ഒറ്റയ്ക്ക് പരാജയപ്പെടുത്താമെന്നാണെന്നും വിമര്‍ശിച്ചു.

“ബി.ജെ.പിയെ ഒറ്റയ്ക്ക് നിന്ന് തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനു പഴയപോലെ ശക്തിയില്ല. അതുകൊണ്ടാണ് എന്തു വിട്ടുവീഴ്ച ചെയ്തും മോദിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ജനാധിപത്യ ശക്തികളെ ഒരു പ്ലാറ്റ്‌ഫോമില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. ഇതിനു തുരങ്കം വെക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അന്ധമായ കോണ്‍ഗ്രസ് വിരോധം അവസാനിപ്പിക്കണം.” ഉണ്ണിത്താന്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more