കാസര്‍കോട്: തന്നെ ട്രെയിനില്‍ അസഭ്യം പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ഉണ്ണിത്താന്‍ പരാതി നല്‍കി.
കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അനില്‍ വാഴുന്നോറടി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
കൊല്ലണമെന്ന ഉദ്ദേശ്യത്തിലാണ് ഇവര്‍ ട്രെയിനില്‍ കയറിയതെന്നാണ് ഉണ്ണിത്താന്‍ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം മാവേലി എക്സ്പ്രസിലെ യാത്രയ്ക്കിടയിലാണ് ഉണ്ണിത്താനെ കോണ്‍ഗ്രസുകാര്‍ അസഭ്യം പറഞ്ഞത്. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയക്കൊപ്പമായിരുന്നു എം.പിയുടെ യാത്ര.
ഇവര്‍ സഞ്ചരിച്ചിരുന്ന അതേ ബോഗിയില്‍ കയറിയ പത്മരാജന്‍ ഐങ്ങോത്തും അനിലും ചേര്‍ന്ന് ഉണ്ണിത്താനെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.
ഇതിന് പിന്നാലെ നേതാക്കളെ ആറ് മാസത്തേക്ക് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ സസ്പെന്റ് ചെയ്തിരുന്നു. ഉണ്ണിത്താനോട് അപമര്യാദയായി പെരുമാറിയത് ഗൗരവതരവും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതുമാണെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.
ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
കാസര്‍കോട് ഡി.സി.സിയും ഉണ്ണിത്താനും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എം.പിക്കെതിരെ ഡി.സി.സി ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ജില്ലയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും അപമാനിക്കുന്ന പെരുമാറ്റമാണ് എം.പിയുടേതെന്ന് ഡി.സി.സി നേതാക്കള്‍ പറയുന്നു. ഡി.സി.സിയുമായി ഒരു ബന്ധവുമില്ലാതെയാണ് എം.പിയുടെ പ്രവര്‍ത്തനമെന്നും ജില്ലാ നേതാക്കള്‍ ആരോപിക്കുന്നു.