| Wednesday, 29th May 2019, 4:05 pm

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സിനിമയില്‍; വരുന്നത് മമ്മൂട്ടി ചിത്രത്തിലോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചുവപ്പ് കോട്ടയായ കാസര്‍ഗോഡ് അട്ടിമറി വിജയം നേടിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വിജയം നേടിയതിന് പിന്നാലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മറ്റൊരു കാര്യം കൂടി മാധ്യമങ്ങളെ അറിയിച്ചു. വലിയൊരു ഇടവേളക്ക് ശേഷം വീണ്ടും അഭിനയലോകത്തേക്ക് മടങ്ങി വരികയാണ് ഉണ്ണിത്താന്‍.

വലുതും ചെറുതുമായ വേഷങ്ങളില്‍ ഇരുപത് സിനിമയില്‍ അഭിനയിച്ച ഉണ്ണിത്താന്‍ മടങ്ങിയെത്തുന്നത് പ്രധാന വേഷത്തിലാണ്. മുഖ്യമന്ത്രിയൊന്നുമല്ലെങ്കിലും പ്രധാന വേഷത്തിലാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. സിംഹം എന്ന് പേരിട്ട ചിത്രത്തില്‍ മോശമല്ലാത്ത ഒരു വേഷമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം ഉടന്‍ തന്നെ ചിത്രീകരണമാരംഭിക്കും. പൊളിറ്റിക്കല്‍ ബാക്ക്ഗ്രൗണ്ടിലുള്ള ചിത്രമാണ് അടുത്തതെന്ന് ഒരു അഭിമുഖത്തില്‍ ബോബി-സഞ്ജ് പറഞ്ഞിരുന്നു. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ഉണ്ണിത്താന്‍ മമ്മൂട്ടിയോടൊപ്പം സ്‌ക്രീനില്‍ വരാനാണ് സാധ്യത. മമ്മൂട്ടിയോടൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തിരക്കില്‍ ആയിരുന്നതിനാല്‍ ഇതുവരെ അഭിനയത്തിന് സമയം മാറ്റിവയ്ക്കാന്‍ കഴിഞ്ഞില്ല. പറയുന്നത്. എംപിയായ സാഹചര്യത്തില്‍ ഇനി അഭിനയത്തിന് കൂടി സമയം കണ്ടെത്തുമെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

Video Stories

We use cookies to give you the best possible experience. Learn more