|

തരൂരിന് എന്താ കൊമ്പുണ്ടോ? 10 എം.പിമാരില്‍ ഒരാള്‍ മാത്രമാണ് അദ്ദേഹമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍; ആര്‍.എസ്.എസിനും വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച് സംസാരിച്ച ശശി തരൂര്‍ എം.പിയെ വിമര്‍ശിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. 10 എം.പിമാരില്‍ ഒരാള്‍ മാത്രമാണ് തരൂരെന്നും അദ്ദേഹത്തിന് കൊമ്പില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാല ആര്‍.എസ്.എസിന്റെ രാഷ്ട്രീയ കാര്യാലയമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രസര്‍വകലാശാലയിലെ ബിരുദാന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശശി തരൂരിനെ പാര്‍ലമെന്റിലേക്ക് ജയിപ്പിച്ചത് കോണ്‍ഗ്രസും യു.ഡി.എഫുമാണ്. യു.ഡി.എഫിന്റെ കേരളത്തിലെ എം.പിയാണ് തരൂര്‍. കെ റെയിലുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം വായിച്ച് മോക്കിയിട്ടില്ലെന്ന തരൂരിന്റെ വാദം തെറ്റാണ്, ഉണ്ണിത്താന്‍ പറഞ്ഞു.

രാഷ്ട്രപതി പങ്കെടുക്കുന്ന കേരള, കേന്ദ്ര സര്‍വകലാശാലയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ തന്നെ ഉള്‍പ്പെടുത്തിയില്ലെന്ന് ഉണ്ണിത്താന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രോട്ടോക്കോള്‍ പാലിക്കാതെ ബി.ജെ.പിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍കൊള്ളിച്ച് സമ്പൂര്‍ണ കാവിവല്‍ക്കരിക്കപ്പെട്ട പരിപാടിയായി അതിനെ മാറ്റിയെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

പ്രദേശത്തെ എം.പി എന്ന നിലയില്‍ രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യക്ഷ സ്ഥാനത്തിരിക്കേണ്ട തന്നെ ഔദ്യോഗികമായി വിളിച്ചില്ല. കേന്ദ്രമന്ത്രി വി. മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള എം.പിയാണ്.

എന്നാല്‍ കേരളത്തിലെ എല്ലാ കേന്ദ്ര പരിപാടികളിലും മുരളീധരനാണ് അതിഥിയായെത്തുന്നത്. കേരളത്തില്‍ നിന്നുള്ള എം.പിമാരെ അവഗണിച്ചുകൊണ്ട് മുരളീധരനെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Rajmohan Unnithan criticising Sashi Tharoor