തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി നേരത്തെ പ്രതീക്ഷിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം അത്രയും ദുര്‍ബലമായിരുന്നു. പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്ന ഒരു നല്ല ശതമാനം സാമൂഹ്യസംഘടനകള്‍ കോണ്‍ഗ്രസില്‍ നിന്നകന്നു,” ഉണ്ണിത്താന്‍ പറഞ്ഞു.
അകന്നുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസിനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന മുസ്‌ലിം സമൂഹവും ക്രിസ്ത്യന്‍ സമൂഹവും അകന്നു. ജോസ് കെ. മാണി മുന്നണി വിട്ടത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
“പരാജയമുണ്ടാകുമെന്ന് മനസിനുള്ളില്‍ ഉറപ്പിച്ചയാളാണ് ഞാന്‍, പുറത്ത് പറഞ്ഞിരുന്നില്ലന്നേയുള്ളൂ,” ഉണ്ണിത്താന്‍ പറഞ്ഞു.
140 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 99 സീറ്റില്‍ വിജയിച്ചപ്പോള്‍ യു.ഡി.എഫിന് 41 സീറ്റാണ് ലഭിച്ചത്.
എല്‍.ഡി.എഫിനെ നയിക്കുന്ന സി.പി.ഐ.എം 62 സീറ്റില്‍ ജയിച്ചപ്പോള്‍ യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസ് 21 സീറ്റിലൊതുങ്ങി. കേരളത്തിലെ തോല്‍വി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും വലിയ ആഘാതമായിരുന്നു.
ഇതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി സതീശനേയും കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി കെ. സുധാകരനേയും നിയമിച്ചിരുന്നു.