കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ സമസ്ത മേഖലയിലും മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നുവെന്ന് കെ. മുരളീധരനും പറഞ്ഞിരുന്നു.കോണ്‍ഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നുവെന്നും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വികാരമല്ല വിവേകമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
24 ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തില്‍ എം.എല്‍എമാര്‍ അഭിപ്രായം പറയുമെന്നും സംഘടന തലത്തില്‍ മൊത്തം അഴിച്ചു പണി വേണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
‘പരാജയത്തിന് കാരണം പാര്‍ട്ടിയ്ക്ക് ശരിയായ അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്‍ഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. എനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. ഞാന്‍ മാറിത്തരാന്‍ തയ്യാറാണ്’, മുരളീധരന്‍ പറഞ്ഞു.
യു.ഡി.എഫ് എം.എല്‍.എമാരില്‍ ഭൂരിപക്ഷവും വി.ഡി സതീശനെയാണ് പിന്തുണയ്ക്കുന്നത്. ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതു സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി. വൈത്തിലിംഗം എന്നിവര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.
ഇതിനിടെ, കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെയും യു.ഡി.എഫ് കണ്‍വീനറായി പി.ടി. തോമസിനെയും നിയോഗിച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നു.