കൊല്ലം: കൊല്ലം ഡിസിസി ഓഫീസിനു തനിക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍.
താന്‍ പണ്ട് തീറ്റിപ്പോറ്റിയ ഗുണ്ടകളൊന്നും മരിച്ചിട്ടില്ലെന്നും ഇതില്‍ക്കൂടുതല്‍ ആളുകളെ കൂട്ടി തിരിച്ചടിക്കാന്‍ തനിയ്ക്കറിയാമെന്നും എന്നാല്‍ അതിന് സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ഡിസിസി ഓഫീസില്‍ പ്രസിഡന്റിന്റെ മുറിയില്‍ കയറിയാണ് താന്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ഇതിന് പിന്നില്‍ മുരളീധരനാണെന്നും അദ്ദേഹം ആരോപിച്ചു.
എനിക്കെതിരെയുണ്ടായതു വധശ്രമമാണ്. കെ. മുരളീധരനാണു ഗുണ്ടകളെ അയച്ചത്. പണ്ടും ഇതുതന്നെയാണു മുരളീധരന്‍ ചെയ്തത്. എന്റെ മരണം ഉറപ്പായിക്കഴിഞ്ഞു. ഉണ്ണിത്താനെ വധിക്കുമെന്നു മുരളീധരന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2004ല്‍ തിരുവനന്തപുരത്തു നടന്ന ആക്രമണത്തിന്റെ നേര്‍പകര്‍പ്പാക്കാണ് ഇവിടെയും നടന്നത്. രണ്ടുസംഭവങ്ങളിലും ജാതകബലം കൊണ്ടാണു ഞാന്‍ രക്ഷപ്പെട്ടതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
എന്റെ ജീവന്‍ അപകടത്തിലാണ്. ആക്രമണം ഇനിയും ഉണ്ടാകും. മുരളീധരനെ നേരത്തെ വിര്‍മശിച്ചവരെല്ലാം ക്രൂരമര്‍ദനത്തിന് ഇരയായിട്ടുണ്ട്. ടി.എച്ച്. മുസ്തഫയയെയും എം.പി. ഗംഗാധരനെയും ആക്രമിച്ച മുരളി ഗുണ്ടാത്തലവനാണ്.
ഇവനെയൊക്കെ കോണ്‍ഗ്രസുകാരനെന്നു വിളിക്കാനാകുമോ ഗുണ്ടാആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നെന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ താന്‍ അറിയിച്ചിരുന്നെങ്കിലും മുരളീധരനും പിണറായി വിജയനും തമ്മിലുള്ള ബന്ധം കൊണ്ടായിരിക്കാം പൊലീസ് വന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.
കോണ്‍ഗ്രസിനു ക്ഷീണം ഉണ്ടാക്കുന്ന തരത്തില്‍ ആരു സംസാരിച്ചാലും പ്രവര്‍ത്തിച്ചാലും താന്‍ പ്രതികരിക്കും. താന്‍ ഒരു ഗ്രൂപ്പിലുമില്ല. വി.എം.സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നാണു കോണ്‍ഗ്രസിനെ നയിക്കുന്നത്. അവരെ മുരളീധരന്‍ വിമര്‍ശിച്ചപ്പോള്‍ കെപിസിസി വക്താവ് എന്ന നിലയില്‍ ഞാന്‍ പ്രതികരിച്ചു. ജീവിച്ചിരിക്കുന്നിടത്തോളം കോണ്‍ഗ്രസിനുവേണ്ടി താന്‍ ശബ്ദിച്ചുകൊണ്ടിരിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രീപെയ്ഡ് ഗുണ്ടകളാണെന്ന് നേരത്തെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചിരുന്നു.
അതേസമയം പാര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങല്‍ നിര്‍ഭാഗ്യകരമെന്ന് കെ മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. താന്‍ ഗ്രൂപ്പ് മാറിയെന്ന ആരോപണം ശരിയല്ല. തന്റേതായ നിലപാടുകള്‍ തനിക്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും പാര്‍ട്ടി ഐക്യമാണ് വേണ്ടതെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു.
മുരളിയും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മിലുള്ള പരസ്യമായ വാദപ്രതിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന് നേരെ കയ്യേറ്റം നടന്നത്. ഒരു വിഭാഗം ഡി.സി.സി പ്രവര്‍ത്തകര്‍ രാജ്മോഹന്‍ ഉണ്ണിത്താനു നേരെ ചീമുട്ടയെറിയുകയും അദ്ദേഹത്തിന്റെ കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്യുകയായിരുന്നു.
കൊല്ലം ഡി.സി.സി ഓഫീസിനുമുമ്പിലായിരുന്നു സംഭവം. കോണ്‍ഗ്രസിന്റെ 131ാം ജന്മവാര്‍ഷികാചരണ ചടങ്ങില്‍ പങ്കെടുകക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ഡി.സി.സി ഓഫീസിനു മുമ്പിലെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്റെ വാഹനത്തിനുനേരെ മുദ്രാവാക്യം വിളിയുമായെത്തിയ പ്രവര്‍ത്തകര്‍ വാഹനം തടയുകയും കാറിന്റെ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താനുനേരെ ചീമുട്ടയെറിയുകയും അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
Also Read എം.എം മണി രാജിവെക്കേണ്ട ഒരു സാചര്യവുമില്ല: വി.എസിന്റെ കത്ത് കിട്ടിയിട്ടില്ലെന്നും യെച്ചൂരി
ഇതിനിടെ ഡി.സി.സി നേതാക്കള്‍ ഇടപെട്ട് അദ്ദേഹത്തെ ഡി.സി.സി ഓഫീസിലേക്കു കൊണ്ടുപോവുകയായിരുന്നു. കോണ്‍ഗ്രസിനെയും പ്രതിപക്ഷമെന്ന നിലയിലുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെയും വിമര്‍ശിച്ച് കെ. മുരളീധരന്‍ രംഗത്തെത്തിയതാണ് വിവാദങ്ങളുടെ തുടക്കം.
മുരളീധരന്റെ വാക്കുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. മുരളീധരന്‍ എതിരാളികളുടെ കയ്യില്‍ ആയുധം വെച്ചു കൊടുക്കുകയാണെന്നും പാര്‍ട്ടിവിട്ടുപോയ മുരളീധരനെ തിരിച്ചെടുത്തത് കോണ്‍ഗ്രസാണെന്നും പാലുകൊടുത്ത കൈക്ക് മുരളീധരന്‍ ഇപ്പോള്‍ കൊത്തുകയാണെന്നുമായിരുന്നു ഉണ്ണിത്താന്റെ വാക്കുകള്‍. ഇതിനു പിന്നാലെ വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാരന്‍ സംസാരിക്കേണ്ടതില്ലെന്നും പറഞ്ഞ് മുരളിയും രംഗത്തെത്തിയിരുന്നു. മുരളീധരനുമായുണ്ടായ വാക്‌പോരിനൊടുവില്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാജിവെച്ചിരുന്നു.