തിരുവനന്തപുരം: സോളാര്‍ കേസില്‍ ലൈംഗികകുറ്റാരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മഞ്ചേരിക്കേസില്‍പ്പെട്ടപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത പാര്‍ട്ടി സോളാര്‍ കേസില്‍ ആ നിലപാട് സ്വീകരിക്കാത്തതെന്താണെന്ന ചോദ്യം മനസിലുണ്ടെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ “ക്ലോസ് എന്‍കൗണ്ടര്‍” എന്ന പരിപാടിയിലാണ് ഉണ്ണിത്താന്‍ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്..
“മഞ്ചേരി കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ തന്നെ സസ്പെന്‍ഡ് ചെയ്യുകയാണ് പാര്‍ട്ടി ചെയ്തത്. കോവളം എം.എല്‍.എ എം വിന്‍സെന്റിന്റെ കാര്യത്തിലും ഇതാണുണ്ടായത്. ആ സമീപനം സോളാര്‍ കേസില്‍ കാണിക്കാത്തത് എന്താണെന്ന ചോദ്യം മനസിലുണ്ട്.” ഉണ്ണിത്താന്‍ പറഞ്ഞു.
സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന തത്വം കെ.പി.സി.സി ഭാരവാഹികളുടെ കാര്യത്തിലും വേണമെന്ന് ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയ ഉണ്ണിത്താന്‍ ഉമ്മന്‍ ചാണ്ടി സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടത് വി.എം സുധീരനെ പുറത്താക്കാനാണെന്നും പറഞ്ഞു. സുധീരന്‍ മാറിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറി.
സുധീരന്റെ സ്ഥാനത്യാഗം ദുരൂഹമാണെന്നും അനാരോഗ്യമല്ല അതിന് കാരണമെന്നും ഉണ്ണിത്താന്‍ പരിപാടിയില്‍ പറഞ്ഞു.