കോഴിക്കോട്: പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്‌ന കൊടുത്തതില്‍ എനിക്ക് ശക്തമായ എതിര്‍പ്പുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ആര്‍.എസ്.എസ് ആസ്ഥാനത്ത് പോയി അവരുടെ സ്ഥാപക നേതാവ് ഹെഡ്ഗേവാര്‍ രാജ്യസ്‌നേഹിയാണെന്ന് എഴുതി ഒപ്പിട്ടു കൊടുത്തല്ലോ അതിനു പ്രത്യുപകാരമായാവാം ഇപ്പോള്‍ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയതെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.
എന്തായാലും എനിക്ക് പ്രണബ് മുഖര്‍ജിയോട് ഇപ്പോള്‍ ബഹുമാനം ഒന്നുമില്ല. അക്കാര്യം തുറന്നു പറയുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
“പത്മ പുരസ്‌കാരം നല്‍കുന്നതിലും ഉന്നതമായ യോഗ്യതകള്‍ ഉള്ളവര്‍ക്കാണ് ഭാരതരത്‌ന നല്‍കേണ്ടത്. മദന്‍ മോഹന്‍ മാളവ്യയ്ക്ക് നേരത്തെ വാജ്‌പേയ്‌ക്കൊപ്പം ഭാരതരത്‌ന നല്‍കിയിരുന്നു. അതിനെതിരെ വിമര്‍ശനം ഉയര്‍ത്തിയവര്‍ക്ക് ബി.ജെ.പി നല്‍കിയ മറുപടി അദ്ദേഹം ബനാറസ് സര്‍വകലാശാല സ്ഥാപിച്ചിരുന്നു എന്നാണ്. ലോകപ്രശസ്തമായ അലിഗഢ് സര്‍വകലാശാല സ്ഥാപിച്ച സര്‍ സയ്യിദ് അഹമ്മദ്ഖാനും ഭാരതരത്‌ന കൊടുക്കണം എന്ന ആവശ്യം അപ്പോള്‍ ഉയര്‍ന്നു. മുസ്‌ലിങ്ങള്‍ക്കൊന്നും കൊടുക്കാനുള്ളതല്ല ഭാരതരത്‌ന എന്നാണ് അന്ന് ആര്‍.എസ്.എസ് പറഞ്ഞത്. ഇന്ന് മോഹന്‍ലാലിന് കിട്ടിയ പോലെ നാളെ മമ്മൂട്ടിക്കും പത്മപുരസ്‌കാരം ലഭിക്കണം. അദ്ദേഹവും അതിന് അര്‍ഹനാണ്. ഒരു മലയാളിക്ക് പത്മ അവാര്‍ഡ് കിട്ടുമ്പോള്‍ നമ്മുക്കെല്ലാം അഭിമാനമുണ്ടാവണം. കുറേ പ്രാഞ്ചിമാര്‍ക്ക് പത്മ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. അതു പോലെ കഴിവുള്ളവര്‍ക്കും കിട്ടണം” ഉണ്ണിത്താന്‍ പറഞ്ഞു.
നിഷ്പക്ഷമായല്ല പത്മപുരസ്‌കാരം കൊടുത്തത് എന്നത് കൊണ്ടാണ് സെന്‍കുമാര്‍ നമ്പി നാരായണനെ വിമര്‍ശിക്കുന്നതില്‍ അദ്ദേഹം ആദ്യം തള്ളിപ്പറയേണ്ടത് ഈ പ്രാവശ്യത്തെ ഭാരതരത്‌ന പുരസ്‌കാര ജേതാക്കളെയാണെന്നും ഉണ്ണിത്താന്‍ ഏഷ്യനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
രാജ്യത്തെ പരമോന്നത ബഹുമതികള്‍ ബലാത്സംഗ കേസ് പ്രതികളായ ഗോവിന്ദചാമിക്കും അമീറുല്‍ ഇസ്ലാമിനുമെല്ലാം നല്‍കണം എന്ന് പറഞ്ഞ സെന്‍കുമാര്‍ മൃഗങ്ങളേക്കാളും അധപതിച്ചു പോയെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
മനുഷ്യന്‍ അധപതിച്ചാല്‍ മൃഗമാകുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. മൃഗം അധപതിച്ചാല്‍ ഇനി വേണമെങ്കില്‍ സെന്‍കുമാറിന്റെ പേര് വെക്കാം. അത്രകണ്ട് അധപതനമാണ് ആ മനുഷ്യന് പറ്റിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളെല്ലാം പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ തലയില്‍ തളം വയ്‌ക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ആര്‍.എസ്.എസുകാര്‍ കാണിക്കാത്ത ആവേശമാണ് ഭരണഘടന പൊളിച്ചെഴുത്തുന്നതില്‍ അദ്ദേഹം കാണിക്കുന്നത്. ഭരണഘടനയില്‍ നിന്നും മതനിരപേക്ഷത എടുത്തു കളയണം എന്നാണ് സംഘപരിവാര്‍ പറയുന്നത്. എന്നാല്‍ രാജാവിനേക്കാളും വലിയ രാജഭക്തിയാണ് ഇപ്പോള്‍ അദ്ദേഹം കാണിക്കുന്നതെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.