തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പരസ്യ വിമര്‍ശനമുന്നയിക്കുന്ന ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഹൈക്കമാന്റിന്റെ തീരുമാനങ്ങളെ എതിര്‍ത്ത് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ഇല്ലാതാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു പട്ടികയും ഇതുവരെ വന്നിട്ടില്ലെന്നും എല്ലായ്‌പ്പോഴും പട്ടിക പുറത്ത് വരുമ്പോള്‍ അസംതൃപ്തിയും അസ്വാരസ്യങ്ങളും ഉണ്ടായിട്ടുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിന്റെ ഉന്നതരായ നേതാക്കളാണ്. എന്നാല്‍ ഹൈക്കമാന്റിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിലൂടെ തകരുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ പിന്‍ബലമില്ലെങ്കില്‍ താനും ചെന്നിത്തലയുമൊക്കെ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാന്‍ കഴിയൂ എന്ന് ഓര്‍ക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
‘ഹൈക്കമാന്റ് തീരുമാനങ്ങളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍, അവര്‍ക്ക് അത്രയും സ്വാധീന ശക്തിയുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ച പോലെ അവര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കട്ടെ. എന്നിട്ട് കോണ്‍ഗ്രസുമായി സഹകരിച്ച് മുന്നണിയില്‍ നില്‍ക്കട്ടെ. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹൈക്കമാന്റിനെ അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കണം,’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഏറെ നാളത്തെ പ്രതിസന്ധികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക ശനിയാഴിചയാണ് പുറത്തിറങ്ങിയത്. പട്ടികയ്‌ക്കെതിരെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി വിമര്‍ശനമുന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ഞായറാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ഇരു നേതാക്കളും പുനസംഘടനയുമായി ബന്ധപ്പെട്ട തങ്ങളുടെ അതൃപ്തി അറിയിച്ചത്.
ഡി.സി.സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാന തലത്തില്‍ നടക്കേണ്ടതായിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. അങ്ങനെ നടന്നിരുന്നെങ്കില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ കുറക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി പല വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ടു എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്.
പട്ടിക തയ്യാറാക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയില്ലെന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും വിമര്‍ശനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരുന്നു.
ചര്‍ച്ചകള്‍ നടന്നില്ലെന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഇരുവരോടും സംസാരിച്ചിരുന്നെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തു വന്നതിന് പിന്നാലെ പരസ്യവിമര്‍ശനമുന്നയിച്ച് രംഗത്ത് വന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാറിനും ശിവദാസന്‍ നായര്‍ക്കുമെതിരെ കെ.പി.സി.സി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പട്ടിക പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ ഇരുവരേയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്പെന്റ് ചെയ്തിരുന്നു.