സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പോലും പോകാതിരുന്നത് മോദി പങ്കെടുക്കുന്നതിനാല്‍: രാജ്മോഹന്‍ ഉണ്ണിത്താന്‍
keralanews
സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പോലും പോകാതിരുന്നത് മോദി പങ്കെടുക്കുന്നതിനാല്‍: രാജ്മോഹന്‍ ഉണ്ണിത്താന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th February 2024, 3:43 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം എന്‍.കെ. പ്രേമചന്ദ്രന്‍ ഉച്ചഭക്ഷണം കഴിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍.

തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നെങ്കില്‍ ഒരു കാരണവശാലും പോവില്ലായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ റിപ്പോട്ടര്‍ ചാനലിനോട് പ്രതികരിച്ചു. വ്യക്തിപരമായി പ്രേമചന്ദ്രന്‍ മോദിയെ സന്ദര്‍ശിച്ചതില്‍ തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദാഹരണമായി ബി.ജെ.പി നേതാവ് സുരേഷ് ഗോപി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ക്ഷണിച്ചപ്പോള്‍ താന്‍ ആ ചടങ്ങില്‍ പങ്കെടുത്തില്ലെന്നും രാജ്‌മോഹന്‍ പറഞ്ഞു. അതിനുകാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് അവിടെ നരേന്ദ്ര മോദി വരുന്നു എന്നതാണ്.

പൊതുപ്രവര്‍ത്തകനായ തന്റെ ജീവിതം വളരെ സുതാര്യമായിരിക്കണം ഇത്തരത്തിലുള്ള ഒരു ചടങ്ങില്‍ പങ്കെടുത്താല്‍ ഒരു തെറ്റായ സന്ദേശം തന്നിലൂടെ പ്രചരിക്കപ്പെടുമെന്നും എം.പി പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്‍.കെ. പ്രേമചന്ദ്രന്‍ കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പാര്‍ലമെന്റിലെ ഏറ്റവും മികച്ച അംഗമാണ് എന്‍.കെ. പ്രേമചന്ദ്രനെന്നും സീതാറാം യെച്ചൂരി അടക്കമുള്ള കമ്മിറ്റിയാണ് അദ്ദേഹത്തെ മികച്ച പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുത്തതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

മോദിയുടെ ക്ഷണം പ്രേമചന്ദ്രന്‍ സ്‌നേഹത്തോടെ നിരസിക്കണമായിരുന്നുവെന്നും രാജ്മോഹന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും എന്‍.കെ. പ്രേമചന്ദ്രന് ബി.ജെ.പി, ആര്‍.എസ്.എസ് ബന്ധമുള്ളതായി ആരോപിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിച്ചിരുന്നതായി രാജ്മോഹന്‍ ചൂണ്ടിക്കാട്ടി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഉച്ചഭക്ഷണം കഴിച്ച സംഭവത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തണമെന്ന് പറഞ്ഞാണ് വിളിച്ചതെന്നും കാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടിയായിരുന്നു ക്ഷണമെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് പ്രേമചന്ദ്രന്റെ മറുപടി.

കൂട്ടത്തില്‍ എന്‍.ഡി.എ ഇതര എം.പിയായി താന്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും തന്നെ അതിന് തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്ന് അറിയില്ലെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രേമചന്ദ്രന്‍ പറഞ്ഞു.

താന്‍ സംഘിയാണെന്ന് ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും ശശി തരൂരിനേയും തന്നേയും കെ. സുധാകരനേയുമൊക്കെ സി.പി.ഐ.എം പലതവണ സംഘിയാക്കിയിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.

Content Highlight: Rajmohan Unnithan against N.K. Premachandran’s visit to Modi