| Saturday, 27th April 2019, 1:25 pm

കള്ളവോട്ടിന് കൂട്ടുനില്‍ക്കുന്നത് ഉദ്യോഗസ്ഥര്‍ തന്നെ; പ്രിസൈഡിങ് ഓഫീസര്‍മാരെ പാര്‍ട്ടി ഗ്രാമങ്ങളിലാണ് താമസിപ്പിക്കുന്നത്; വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍.

വിഷയത്തില്‍ ഒരു നടപടിയുമായി മുന്നോട്ട് പോവാനാവില്ലെന്നും അതിന് കൂട്ട് നില്‍ക്കുന്നത് തെരഞ്ഞെടുപ്പ് സുഗമമായി മുന്നോട്ട് കൊണ്ട് പോവേണ്ട ഉദ്യോഗസ്ഥര്‍ തന്നെയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിനെത്തുന്ന പ്രിസൈഡിങ് ഓഫീസര്‍ പാര്‍ട്ടി ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. വോട്ടിങ് മെഷീനിലെ തകരാറിന്റെ പേര് പറഞ്ഞ് പലയിടങ്ങളിലും മണിക്കൂറുകള്‍ വോട്ടെടുപ്പ് മനപൂര്‍വം നിര്‍ത്തിവെച്ചു. വോട്ടെടുപ്പ് രാത്രിയിലേക്ക് നീട്ടാനായിരുന്നു ഇത്. വെട്ടവും വെളിച്ചവുമില്ലാത്ത സമയത്താണ് കള്ളവോട്ടുകളെല്ലാം ചെയ്തത്.

പ്രിസൈഡിങ് ഓഫീസറും ജില്ലാ കലക്ടറും അടക്കം ബൂത്തിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഇതില്‍ പങ്കാളിയായി. ബൂത്ത് ഏജന്റുമാരെ സി.പി.ഐ.എം നേതാക്കള്‍ അടി കൊടുത്ത് പുറത്താക്കുകയും ചെയ്‌തെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പറഞ്ഞു.
ഇത്രയധികം കള്ളവോട്ട് നടന്നാലും കാസര്‍ഗോഡ് നിന്ന് ജയിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കള്ളവോട്ട് ചെയ്തതിന്റേതെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് കോണ്‍ഗ്രസ് കള്ളവോട്ട് അവകാശവാദം വീണ്ടും ഉന്നയിച്ചത്.

എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകകമായി കള്ളവോട്ട് നടന്നതായാണ് ആരോപണം. ചെറുതാഴം പഞ്ചായത്തിലെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

കള്ളവോട്ട് ചെയ്തവരില്‍ ജനപ്രതിനിധികളും ഉള്‍ക്കൊണ്ടിട്ടുണ്ട്. കണ്ണൂര്‍ ചെറുതാഴം പഞ്ചായത്ത് അംഗം സലീന എം പിയും കള്ള വോട്ട് ചെയ്തു. ചെറുതാഴം 17- ബൂത്തില്‍ വോട്ട് ഉള്ള സലീന 19- ബൂത്തിലും വോട്ട് ചെയ്തതായാണ് കോണ്‍ഗ്രസിന്റെ ആരോപണം.

അതേസമയം കള്ളവോട്ടിനെതിരെ താന്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും എന്നാല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more