കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍.
വിഷയത്തില്‍ ഒരു നടപടിയുമായി മുന്നോട്ട് പോവാനാവില്ലെന്നും അതിന് കൂട്ട് നില്‍ക്കുന്നത് തെരഞ്ഞെടുപ്പ് സുഗമമായി മുന്നോട്ട് കൊണ്ട് പോവേണ്ട ഉദ്യോഗസ്ഥര്‍ തന്നെയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനെത്തുന്ന പ്രിസൈഡിങ് ഓഫീസര്‍ പാര്‍ട്ടി ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. വോട്ടിങ് മെഷീനിലെ തകരാറിന്റെ പേര് പറഞ്ഞ് പലയിടങ്ങളിലും മണിക്കൂറുകള്‍ വോട്ടെടുപ്പ് മനപൂര്‍വം നിര്‍ത്തിവെച്ചു. വോട്ടെടുപ്പ് രാത്രിയിലേക്ക് നീട്ടാനായിരുന്നു ഇത്. വെട്ടവും വെളിച്ചവുമില്ലാത്ത സമയത്താണ് കള്ളവോട്ടുകളെല്ലാം ചെയ്തത്.
പ്രിസൈഡിങ് ഓഫീസറും ജില്ലാ കലക്ടറും അടക്കം ബൂത്തിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഇതില്‍ പങ്കാളിയായി. ബൂത്ത് ഏജന്റുമാരെ സി.പി.ഐ.എം നേതാക്കള്‍ അടി കൊടുത്ത് പുറത്താക്കുകയും ചെയ്‌തെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പറഞ്ഞു.
ഇത്രയധികം കള്ളവോട്ട് നടന്നാലും കാസര്‍ഗോഡ് നിന്ന് ജയിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.