| Friday, 5th March 2021, 2:26 pm

ഞങ്ങളുടെ പത്രമൊക്കെ പിടിച്ചു നില്‍ക്കുന്നത് പിണറായി വിജയന്‍ ഉള്ളതുകൊണ്ടല്ലേ; കണ്ണൂരില്‍ പിണറായിയെ ശ്രീകൃഷ്ണ വേഷത്തിലാക്കിയിരിക്കുകയാണ്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മറ്റൊരു കാലത്തുമില്ലാത്ത രീതിയിലുള്ള പി.ആര്‍ വര്‍ക്കാണ് ഈ സര്‍ക്കാര്‍ നടത്തുന്നതെന്നും തങ്ങളുടെ പത്രമായ വീക്ഷണമൊക്ക പിടിച്ചുനില്‍ക്കുന്നത് പിണറായി വിജയന്റെ പരസ്യം കിട്ടുന്നതുകൊണ്ടാണെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ദിവസവും എത്ര പരസ്യമാണ് വീക്ഷണത്തിന് ലഭിക്കുന്നത്, എത്ര പരസ്യമാണ് ജയ്ഹിന്ദിന് ലഭിക്കുന്നത്. ഇപ്പോള്‍ നേരം വെളുത്താല്‍ പത്രം, റേഡിയോ ചാനലുകള്‍ ഏതെടുത്താലും പരസ്യത്തിന്റെ ഒരു പെരുമഴക്കാലമാണ്. ഇത്രയും പരസ്യം ഒരു സര്‍ക്കാര്‍ ഒരു കാലത്തും കൊടുത്തിട്ടില്ല.

ശങ്കര്‍ സാറാണ് ആദ്യമായിട്ട് കേരളത്തില്‍ പെന്‍ഷന്‍ സംവിധാനം ആരംഭിക്കുന്നത്. അന്ന് ശങ്കര്‍ സാറാണ് പെന്‍ഷന്‍ കൊടുത്തതെന്ന് ഇപ്പോള്‍ ആര്‍ക്കും അറിയില്ല. പിണറായി വിജയന്‍ വരുംതലമുറയുടെ ഹൃദയത്തില്‍ പോലും ഇത് കുത്തിവെച്ചുകൊണ്ടിരിക്കുകയാണ്. ഞാനാണ് പെന്‍ഷന്‍ കൊണ്ടുവന്നത് എന്ന തരത്തില്‍.

പിണറായി വിജയനെ കേരളത്തിലെ പത്രക്കാര്‍ക്കാര്‍ക്കും ഇഷ്ടമല്ല. പുള്ളിയുടെ പത്രസമ്മേളനമൊക്കെ വളരെ ധിക്കാരം നിറഞ്ഞതാണ്. പത്രക്കാരോടുള്ള പെരുമാറ്റവും എല്ലാം. പക്ഷേ ഈ കൊവിഡ് 19 വന്നപ്പോള്‍ അദ്ദേഹം പത്രക്കാരുടേയും കേരളത്തിലെ സാമാന്യ ജനങ്ങളുടേയും മനസില്‍ കയറിക്കൂടി.

ഒരു കാര്യം അവതരിപ്പിക്കുന്ന രീതി, പറയുന്ന രീതി അത് കേരളത്തിലെ നല്ലൊരു ശതമാനം ആളുകളെ സ്വാധീനിച്ചു എന്ന് പറയാം. പിണറായി വിജയന്റെ പഴയ മുഖമല്ല ഈ കൊവിഡ് 19 വന്നതിന് ശേഷമുള്ളത്. അതുകൊണ്ട് തന്നെ കുറേയാളുകളെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനത്തിലൂടെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നുള്ളത് നഗ്നമായ ഒരു യാഥാര്‍ത്ഥ്യമാണ്.

എന്നാല്‍ പിണറായി വിജയന്‍ അങ്ങനെയൊരു ക്രൗഡ് പുള്ളറൊന്നും അല്ല. ഇ.എം.എസ് ഒരു ക്രൗഡ് പുള്ളറായിരുന്നു. ഇ.കെ നായനാര്‍, അച്യുതാനന്ദന്‍ അവരുടേയൊന്നും ലെവലിലേക്ക് എത്താന്‍ പിണറായിയ്ക്ക് ആവില്ല. ആ ഒരു ജനപക്ഷ രാഷ്ട്രീയത്തിലേക്ക് പിണറായി എത്തിയിട്ടില്ല. കേരളത്തിലെ സാമാന്യ ജനങ്ങളുടെ നേതാവാകാന്‍ ഇന്ന് വരെ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

നരേന്ദ്രമോദിയെ കാണുമ്പോള്‍ ഒരക്ഷരം കേരളത്തിന് വേണ്ടി സംസാരിക്കാന്‍ ഈ മുഖ്യമന്ത്രിക്കാവുന്നില്ല. നരേന്ദ്ര മോദിയെ എന്തിനാണ് അദ്ദേഹം പേടിക്കുന്നത്. അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയല്ലേ, നമ്മുടെ സ്റ്റേറ്റിന്റെ അവകാശം നിഷേധിക്കുന്ന പ്രധാനമന്ത്രി വന്നപ്പോള്‍ എന്തേ ഒരക്ഷരം മിണ്ടിയില്ല.

ഇപ്പോള്‍ അവര്‍ നയം മാറ്റുകയാണ്. വൈരുദ്ധ്യാത്മക ബൗദ്ധികവാദത്തില്‍ നിന്നൊക്കെ അവര്‍ മാറി. ഇപ്പോള്‍ അവര്‍ ബി.ജെ.പിയായി മാറിക്കൊണ്ടിരിക്കുന്നു. അഷ്ടമി രോഹിണി, ഉറിയടി അങ്ങനെ എല്ലാം. പിണറായി വിജയന്റെ വേഷം ശ്രീകൃഷ്ണന്റെ രൂപത്തില്‍ വെച്ചിരിക്കുകയാണ് കണ്ണൂരില്‍.

പിണറായി വിജയന്‍ കരുതുന്നതുപോലെ നിസ്സാരമല്ല ഇത്തവണത്തെ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ ആവനാഴിയിലെ അവസാനത്തെ ആയുധവും ഒരു സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടി ഞങ്ങള്‍ പുറത്തെടുക്കും. പിണറായി വിജയന്റെ മോഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണ്. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മടങ്ങി വരില്ല. അത് ഉറച്ച തീരുമാനമാണ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajmohan Unnithan About LDF Government PR Work

We use cookies to give you the best possible experience. Learn more