| Tuesday, 29th June 2021, 5:18 pm

ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിട്ടാല്‍ കണ്ണൂരില്‍ സി.പി.ഐ.എം. ഉണ്ടാവില്ലല്ലോ; പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.ഐ.എമ്മിനെതിരെ പരിഹാസവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിട്ടാല്‍ കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുണ്ടാവില്ലെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്.

കട്ടമുതല്‍ കള്ളന്മാര്‍ പങ്കുവെക്കുന്നത് പോലെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ കൊണ്ടുവരുന്ന പണം ജില്ലാ നേതൃത്വം വാങ്ങുന്നതെന്നും ഇതില്‍ എല്ലാ എം.എല്‍.എമാര്‍ക്കും നേതാക്കള്‍ക്കും പങ്കുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനെ വെട്ടിലാക്കുന്ന തരത്തില്‍ പുറത്തുവന്ന പുതിയ ശബ്ദരേഖയോട് പ്രതികരിക്കുകയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ഏതെങ്കിലും കേസില്‍പ്പെടുമ്പോള്‍ അവരെ തള്ളിപ്പറഞ്ഞ് അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് വരുത്തി തീര്‍ത്ത് ജനങ്ങളെ പറ്റിക്കുകയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്യുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

‘എന്തെങ്കിലും കേസില്‍ പിടിക്കപ്പെടുമ്പോള്‍ അവരെ തള്ളിപറയുകയും അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് വരുത്തി തീര്‍ത്ത് ജനങ്ങളെ പറ്റിക്കുകയുമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത്. ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിടുന്ന അവസ്ഥയുണ്ടായാല്‍ കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നൊരു പാര്‍ട്ടി ഉണ്ടാവില്ല. 80 ശതമാനം ആളുകളും ക്വട്ടേഷന്‍ സംഘങ്ങളുടെ പണം തട്ടുന്ന ആളുകളാണ്. കട്ടമുതല്‍ കള്ളന്മാര്‍ പങ്കുവെക്കുന്നത് പോലെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ കൊണ്ടുവരുന്ന പണം ജില്ലാ നേതൃത്വം വാങ്ങുന്നത്,’ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ സംരക്ഷണത്തോടെയാണ് ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ ആളുകളും ക്രിമിനല്‍ കേസിലേയും കൊലക്കേസിലേയും പ്രതിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഷുഹൈബ് വധക്കേസിന് പിന്നാലെ ആകാശ് തില്ലങ്കേരിയെ പുറത്താക്കിയെന്ന് പറഞ്ഞു. പുറത്താക്കിയയാള്‍ എങ്ങനെയാണ് അവരുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത്. എല്ലാ എം.എല്‍.എമാരുമായും നേതാക്കന്മാരുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഇത് ഗുരുതരമാണ്. ഇനിയും വിവരങ്ങള്‍ പുറത്ത് വരാനുണ്ട്. ക്വട്ടേഷന്‍ സംഘത്തെ പുറത്താക്കേണ്ടി വന്നാല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തന്നെ പിരിച്ചുവിടേണ്ടി വരുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rajmohan Unnithan about cpim

Latest Stories

We use cookies to give you the best possible experience. Learn more