| Monday, 22nd March 2021, 1:55 pm

ഇനിയും ഗ്രൂപ്പുമായി മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ കാണില്ല; സുധാകരനെതിരെയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: ഇനിയും ഗ്രൂപ്പുമായി മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ കാണില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂറും പ്രതിബദ്ധതയും കോണ്‍ഗ്രസിനോടായിരിക്കണം. വ്യക്തികളോടാകരുതെന്നും
കോണ്‍ഗ്രസില്‍നിന്ന് ആരും ബി.ജെ.പിയില്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വ്യക്തികളെ സ്‌നേഹിച്ചതിന്റെ പരിണതഫലമാണ് ഇന്ന് കോണ്‍ഗ്രസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഒരു ഗ്രൂപ്പിന്റെ ആളാണെങ്കില്‍ കെ.പി.സി.സി. പ്രസിഡന്റ് എന്ത് തെറ്റുചെയ്താലും അയാളെ മാറ്റാന്‍ ശ്രമിച്ചാല്‍ ഗ്രൂപ്പ് ചോദ്യം ചെയ്യും. ആ അഹങ്കാരമാണ് ഇന്ന് ഓരോ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക്. മണ്ഡലം തൊട്ട് ഡി.സി.സി. വരെ എല്ലാവര്‍ക്കും അതുണ്ട്. ഇത് മാറണം.’ -ഉണ്ണിത്താന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നതോടെ വിജയസാധ്യത മങ്ങിയെന്ന കെ.സുധാകരന്റെ പരാമര്‍ശത്തേയും ഉണ്ണിത്താന്‍ വിമര്‍ശിച്ചു. മാര്‍ക്‌സിസ്റ്റുകാരുമായി കോണ്‍ഗ്രസ് ഒരു പോര്‍മുഖത്ത് നില്‍ക്കുമ്പോള്‍ സുധാകരനെപ്പോലെ ഒരാള്‍ ഇങ്ങനെ പറയുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്നാണ് ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടത്.

കോണ്‍ഗ്രസില്‍നിന്ന് ആരും ബി.ജെ.പിയില്‍ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ശരീരം കോണ്‍ഗ്രസിലും മനസ്സ് ബി.ജെ.പിയിലും കൊടുത്ത കുറേ ആളുകളുണ്ട് അവര്‍ പോകും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച് പാര്‍ട്ടിയില്‍ നില്‍ക്കുന്ന ഒരാളും കോണ്‍ഗ്രസ് വിടില്ല.

അവസരവാദികള്‍, സ്ഥാനമോഹികള്‍, ഈ ജന്മം ഈ പാര്‍ട്ടിയെ കൊണ്ട് നേടാന്‍ കഴിഞ്ഞ മുഴുവന്‍ ആളുകള്‍ അവരൊക്കെയാണ് ഇപ്പോള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്.’ എന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajmohan Unnithan About Congress

We use cookies to give you the best possible experience. Learn more