| Monday, 21st October 2024, 8:38 pm

ആ സിനിമക്ക് വേണ്ടി കമല്‍ സാര്‍ കമാന്‍ഡോ ട്രെയിനിങ് വരെ നടത്തിയിട്ടുണ്ട്: സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രമാണ് അമരന്‍. രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം ശിവയുടെ 21ാമത്തെ ചിത്രമായാണ് ഒരുങ്ങുന്നത്. രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡറായിരുന്ന മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. അമരനായി ശിവകാര്‍ത്തികേയന്‍ നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസാണ് അമരന്‍ നിര്‍മിക്കുന്നത്.

ചിത്രത്തിനായി ആര്‍മിയുടെ സഹയം വളരെ എളുപ്പത്തില്‍ കിട്ടാന്‍ കാരണം കമല്‍ ഹാസനാണെന്ന് പറയുകയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമി. ഇതിന് മുമ്പ് കമല്‍ ഹാസന്‍ ആളവന്താന്‍ എന്ന ചിത്രത്തിന് വേണ്ടി കമാന്‍ഡോ ട്രെയിനിങ് നടത്തിയിട്ടുണ്ടെന്നും ആ ഒരു കണക്ഷന്‍ കാരണമാണ് തങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ആര്‍മിയില്‍ നിന്ന് വേഗത്തില്‍ കിട്ടിയതെന്നും രാജ്കുമാര്‍ പറഞ്ഞു. ആളവന്താന് വേണ്ടി കമന്‍ഡോ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടില്‍ കുതിരസവാരി അടക്കം പരിശീലിച്ചിട്ടുണ്ടായിരുന്നെന്നും രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതിന്റെ വീഡിയോസ് എല്ലാം അന്നേ ചിത്രീകരിച്ചിട്ടുണ്ടായിരുന്നെന്നും ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു ചിത്രത്തിന്റെ ബി.ടി.എസ് (ബിഹൈന്‍ഡ് ദി സീന്‍സ്) എടുത്ത ചിത്രമായിരുന്നു ആളവന്താനെന്നും രാജ്കുമാര്‍ പറഞ്ഞു. ഇന്ന് പലരും ചെയ്ത് തുടങ്ങുന്ന കാര്യങ്ങള്‍ അന്നേ കമല്‍ ഹാസനെന്ന ലെജന്‍ഡ് ചെയ്തുവെച്ചിരുന്നെന്നും അദ്ദേഹത്തിന്റെ സഹായമില്ലായിരുന്നെങ്കില്‍ അമരന്‍ ഇത്ര മികച്ച രീതിയില്‍ എടുക്കാന്‍ പറ്റില്ലായിരുന്നെന്നും രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. അമരന്റെ പ്രൊമോഷന്‍ ചടങ്ങിനിടെയാണ് രാജ്കുമാര്‍ ഇക്കാര്യം പറഞ്ഞത്.

‘അമരന് വേണ്ടി ശിവ നടത്തിയ കഷ്ടപ്പാടുകളും ട്രെയിനിങ്ങുമെല്ലാം എല്ലാവരും കണ്ടുകാണുമെന്ന് വിചാരിക്കുന്നു. ആര്‍മിയില്‍ കമാന്‍ഡോകള്‍ക്ക് ട്രെയിനിങ് കൊടുക്കുന്ന ചീമിന്റെ നേതൃത്വത്തിലാണ് ശിവയും ട്രെയിനിങ് എടുത്തത്. അങ്ങനെ ഒരു അവസരം കിട്ടാന്‍ കാരണം കമല്‍ സാറാണ്. അദ്ദേഹം ആളവന്താന്‍ എന്ന സിനിമക്ക് വേണ്ടി കമാന്‍ഡോ ട്രെയിനിങ് മുഴുവന്‍ എടുത്തിട്ടുണ്ട്. അന്നത്തെ കാലത്ത് ഒ.ടി.എസ് എന്നാണ് അതിനെ പറയുക.

അതിന്റെ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് ഹോഴ്‌സ് റൈഡിങ് അടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം പരിശീലിച്ചിട്ടുണ്ട്. അതിന്റെയെല്ലാം വീഡിയോയും ഉണ്ട്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ബി.ടി.എസ് വീഡിയോ ചെയ്തത് ആളവന്താന്‍ സിനിമയിലാണ്. അമരന് വേണ്ടി ആര്‍മിയെ സമീപിച്ചപ്പോള്‍ അവരുടെ ഭാഗത്ത് നിന്ന് പെട്ടെന്ന് സഹായം കിട്ടാന്‍ കാരണം രാജ്കമല്‍ ഫിലിംസാണ്. അവരുടെ സഹായമില്ലായിരുന്നെങ്കില്‍ അമരന്‍ ഇത്ര പെര്‍ഫക്ഷനോടെ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നില്ല,’ രാജ്കുമാര്‍ പെരിയസ്വാമി പറഞ്ഞു.

Content Highlight: Rajkumar Periasamy explains why he approached Kamal Hassan to produce Amaran

We use cookies to give you the best possible experience. Learn more