'ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ല, സി.ബി.ഐ അന്വേഷിക്കണം': രാജ്കുമാറിന്റെ അമ്മ
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് രാജ്കുമാറിന്റെ അമ്മ കസ്തൂരി. പൊലീസുകാര്‍ക്ക് മാത്രമല്ല ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷത്തില്‍ തൃപ്തിയില്ലെന്നും കസ്തൂരി അഭിപ്രായപ്പെട്ടു.
അതേസമയം, കേസില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കൂടുതല്‍ ഉദ്യോഗസ്ഥരുടെ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാവും നടപടി. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഇന്ന് പീരുമേട് ജയില്‍ സന്ദര്‍ശിക്കും.
അറസ്റ്റിലായ പൊലീസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊലപാതകത്തിനും കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചതിനുമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായ എസ്.ഐ സാബുവിനെ ഇന്ന് റിമാന്‍ഡ് ചെയ്യും. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സാബുവിനെ പീരുമേട് മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തിയാകും റിമാന്‍ഡ് ചെയ്യുക. കേസില്‍ അറസ്റ്റിലായ സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്റണിയെ ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്തിരുന്നു.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഏഴു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഞ്ചു പേരെ സ്ഥലംമാറ്റുകയും ചെയ്തു. പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിനോട് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചിരിക്കുന്നത്.