| Sunday, 30th June 2019, 8:25 am

സ്റ്റേഷന്‍ രേഖകളില്‍ തിരുത്ത്; കസ്റ്റഡി കൊലപാതകം അട്ടിമറിക്കാന്‍ പൊലീസിന്റെ സംഘടിത ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രാജ്കുമാറിനെ പൊലീസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാന്‍ പൊലീസ് സംഘടിതമായി ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

രാജ് കുമാറിന് ജൂണ്‍ 13ന് ജാമ്യം നല്‍കിയെന്നും ഇയാളെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസാണെന്നും പൊലീസ് പറയുന്നത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള രേഖകള്‍ തിരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

രാജ്കുമാറിന്റെ കുടുംബത്തിന്റെ അടക്കമുള്ള മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. രണ്ട് ജീപ്പ് പൊലീസെത്തിയാണ് രാജ്കുമാറിനെ പിടികൂടിയതെന്നായിരുന്നു ദൃക്‌സാക്ഷി ആലീസിന്റെ വെളിപ്പെടുത്തല്‍. നെടുങ്കണ്ടം പൊലീസ് രേഖകളില്‍ ഇക്കാര്യം മറച്ചുവച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. നെടുങ്കണ്ടം സ്റ്റേഷനിലെ സി.സി.ടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.

രാജ്കുമാറിന്റെ കൊലക്കേസ് നാട്ടുകാരുടെ തലയില്‍ കെട്ടിവെക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി നാട്ടുകാരനായ നജീബ് ആരോപിച്ചിരുന്നു.രാജ്കുമാറിനെ നാട്ടുകാര്‍ നെടുങ്കണ്ടം പൊലീസിന് കൈമാറിയത് പുളിയന്മലയില്‍ വെച്ചാണ്. പൂര്‍ണ ആരോഗ്യവാനായിട്ടാണ് രാജ്കുമാറിനെ പൊലീസിന് കൈമാറിയതെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21 നാണ് മരിച്ചത്.രാജ്കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more