| Tuesday, 25th September 2018, 1:07 pm

രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസ്: വീരപ്പനും കൂട്ടാളികളും കുറ്റവിമുക്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കോടതി കുറ്റവിമുക്തരാക്കി. സംഭവം നടന്ന് 18 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്.

കേസില്‍ ആരോപണവിധേയരായ ഒമ്പതുപേരെയും വെറുതെ വിട്ടിട്ടുണ്ട്. ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തെ കോടതിയുടേതാണ് വിധി. വീരപ്പനും രണ്ടു അനുയായികളും വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.

പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജി മണി അദ്ദേഹത്തിന്റെ വിധിന്യായത്തില്‍ പറയുന്നു. “ആരോപണവിധേയര്‍ വീരപ്പന്റെ കൂട്ടാളികളാണെന്ന് തെളിയിക്കാന്‍ തെളിവിന്റെ ഒരു കണികപോലും ഹാജരാക്കിയിട്ടില്ല.” എന്നാണ് ജഡ്ജി പറയുന്നത്.

Also Read: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല; വിശദാംശങ്ങള്‍ നോമിനേഷനില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും സുപ്രീം കോടതി

വിചാരണയ്ക്കിടെ കോടതിയില്‍ ഹാജാരാവാന്‍ രാജകുമാറിന്റെ കുടുംബം തയ്യാറായിട്ടില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടുന്നു.

2004ല്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ ഏറ്റുമുട്ടലില്‍ വീരപ്പന്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് 2006ല്‍ നടന്‍ രാജ്കുമാര്‍ മരണപ്പെടുകയും ചെയ്തിരുന്നു.

2000 ജൂലൈ 30നാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. തലവടിയിലെ ധോട ഗജനൂര്‍ ഗ്രാമത്തിലെ ഫാം ഹൗസില്‍ കുടുംബത്തോടൊപ്പം കഴിയവേയാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. നവംബര്‍ 15നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. 108 ദിവസം രാജ്കുമാര്‍ കാട്ടില്‍ കഴിയേണ്ടി വന്നിരുന്നു.

രാജ്കുമാറിനെ മോചിപ്പിച്ചതിനു പിന്നാലെ വീരപ്പനും 11 കൂട്ടാളികള്‍ക്കും എതിരെ തലവടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more