| Sunday, 16th June 2024, 12:16 pm

രാജ്‌കോട്ടിലെ തീപിടിത്തം; രേഖകളില്‍ കൃതിമത്വം കാണിച്ചതിന് രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: രാജ്‌കോട്ടിലെ ഗെയിം സോണിലുണ്ടായ തീപിടിത്തത്തില്‍ രേഖകളില്‍ കൃതിമത്വം കാണിച്ചതിന് രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അപകടത്തിന് ശേഷം ഔദ്യോഗിക രജിസ്റ്ററില്‍ മാറ്റങ്ങള്‍ വരുത്തിയതിലാണ് നടപടി.

ആര്‍.എം.സിയുടെ അസിസ്റ്റന്റ് ടൗണ്‍ പ്ലാനിങ് ഓഫീസര്‍ രാജേഷ് മക്വാന, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജയ്ദീപ് ചൗധരി എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ രേഖകളില്‍ മാറ്റം വരുത്തിയത് കൂടാതെ, ഇരുവരും വ്യാജ രേഖകള്‍ ചമക്കുകയും ചെയ്തിട്ടുണ്ട്.

മെയ് 15ന് ഉണ്ടായ അപകടത്തില്‍ 25 പേരാണ് മരിച്ചത്. അപകടവുമായി ബന്ധപ്പെട്ട് ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം 12 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ നാല് സര്‍ക്കാര്‍ ജീവനക്കാരില്‍ രാജ്കോട്ടിലെ ടൗണ്‍ പ്ലാനിങ് ഓഫീസര്‍ എം.ഡി. സാഗതിയ, അസിസ്റ്റന്റ് ടി.പി.ഒമാരായ മുകേഷ് മക്വാന, ഗൗതം ജോഷി, കലവാഡ് റോഡ് ഫയര്‍ സ്റ്റേഷനിലെ മുന്‍ സ്റ്റേഷന്‍ ഓഫീസര്‍ രോഹിത് വിഗോറ എന്നിവരാണ് ഉള്‍പ്പെടുന്നത്.

വ്യാഴാഴ്ച വൈകീട്ട് ഗെയിം സോണിന്റെ സഹ ഉടമയായ അശോക്സിന്‍ഹ ജഡേജ പൊലീസില്‍ കീഴടങ്ങിയിരുന്നു. ടി.ആര്‍.പി ഗെയിം സോണിന്റെ ആറ് ഉടമകളില്‍ ഒരാളാണ് അശോക്സിന്‍ഹ. ഇവരില്‍ അഞ്ച് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഒരാള്‍ മെയ് 25ന് ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചു. അപകടത്തില്‍ ഗെയിം സോണിന്റെ ഒരു മാനേജരും അറസ്റ്റിലായിട്ടുണ്ട്.

രാജ്കോട്ടിലെ അപകടത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം നിരവധി ഗെയിം സോണുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സര്‍ക്കാര്‍ സീല്‍ ചെയ്തു. ആവശ്യമായ അനുമതികളില്ലാതെ ഇത്തരം കേന്ദ്രങ്ങള്‍ നടത്തിയതിന് സ്ഥാപനങ്ങളുടെ ഉടമകള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

Content Highlight: Rajkot game zone fire in two civic staffers arrested for tampering with documents

We use cookies to give you the best possible experience. Learn more