| Thursday, 13th August 2020, 2:05 pm

രാജീവ് ത്യാഗിയുടെ മരണം: 'വിഷം ചീറ്റുന്ന ആ വക്താക്കള്‍', സംബിത് പത്രയ്ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ട്ടി വക്താവ് രാജീവ് ത്യാഗിയുടെ മരണത്തിന് പിന്നാലെ ബി.ജെ.പി നേതാവിനും ചാനല്‍ ചര്‍ച്ചകള്‍ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ബുധനാഴ്ച ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ഒരു മണിക്കൂറിന് ശേഷമാണ് ത്യാഗ ഹൃദയാഘാതമുണ്ടായി മരിച്ചത്. ചാനല്‍ ചര്‍ച്ചകളുടെ ഉള്ളടക്കത്തെയും സ്വഭാവത്തെയും ചോദ്യം ചെയ്താണ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

ബെംഗലൂരു കലാപത്തെക്കുറിച്ച് ആജ് തക് ചാനലില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു രാജീവ് ത്യാഗി പങ്കെടുത്തത്. ബെംഗളൂരു പ്രശ്‌നത്തിലൂന്നി ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി വക്താവ് സംബിത് പത്ര ത്യാഗിയെ കടന്നാക്രമിച്ചിരുന്നെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. ചര്‍ച്ചക്കിടെ സംബിത് പത്ര ത്യാഗിയെ രാജ്യദ്രോഹിയെന്നും വഞ്ചകനെന്നും ആവര്‍ത്തിച്ച് അധിക്ഷേപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ത്യാഗി നെറ്റിയില്‍ തിലകം ചാര്‍ത്തിയതിനെയും സംബത് താക്കീത് ചെയ്യുന്നതായി വീഡിയോകളില്‍ വ്യക്തമാണ്.

വിഷലിപ്തമായ ചര്‍ച്ചകളും വിഷം ചീറ്റുന്ന വക്താക്കളുമെന്നാണ് വിഷയത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ ദേശീയ വക്താവുമായ രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചത്. ചാനലുകളുടെ ടി.ആര്‍.പി റേറ്റിങിനെയും സുര്‍ജേവാല വിമര്‍ശിച്ചു. ഹിന്ദു-മുസ്‌ലിം വിഭജനമെന്ന വിഷം രാജ്യത്തിന്റെ ആത്മാവിനെ വിഴുങ്ങുന്നത് ഇനിയുമെത്രത്തോളം എത്തുമെന്നും അദ്ദേഹം ചോദിച്ചു.

വാക്കുകള്‍ക്ക് വെടിയുണ്ടകളേക്കാള്‍ ശക്തിയുണ്ടെന്ന് എല്ലാവരും ഓര്‍മ്മിക്കണമെന്നാണ് സോണിയ ഗാന്ധിയുടെ വിശ്വസ്തനും കോണ്‍ഗ്രസ് നേതാവുമായ അഹമ്മദ് പട്ടേലിന്റെ മുന്നറിയിപ്പ്. ചാനല്‍ ചര്‍ച്ചകള്‍ അര്‍ത്ഥരഹിതവും വിഷലിപ്തവും അന്തസില്ലാത്തതുമായി മാറുന്നതിനെക്കുറിച്ച് ചാനല്‍ ഉടമകളും എഡിറ്റര്‍മാരും അവതാരകരും ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്നും പട്ടേല്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ ദേശീയ കോഡിനേറ്റര്‍ ഗൗരവ് പന്ധിയും വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജീവ് ത്യാഗിയെ രാജ്യദ്രോഹിയെന്ന് വിളിച്ച് സംബിത് പത്ര അധിക്ഷേപിച്ചു. ആരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികളെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ഗൗരവ് പറഞ്ഞു.

സംബിത് പത്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാമ്പയിങും നടക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു ഇത്.

അതേസമയം, രാജീവ് ത്യാഗിയുടെ മരണത്തില്‍ അനുശോചിച്ച് സംബിത് പത്രയും രംഗത്തെത്തിയിട്ടുണ്ട്. ‘എന്റെ സുഹൃത്ത് രാജീവ് ത്യാഗി ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. വൈകീട്ട് ഞങ്ങള്‍ ഒരുമിച്ച് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ജീവിതം എന്നത് അനിശ്ചിതമായ ഒന്നാണ്. എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല. ദൈവം രാജീവ് ജിക്ക് സമാധാനം നല്‍കട്ടെ’, എന്നായിരുന്നു പത്രയുടെ ട്വീറ്റ്.

ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു രാജീവ് ത്യാഗി. രാജീവ് ത്യാഗിയുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajiv Tyagi death Congress targets Sambit Patra

We use cookies to give you the best possible experience. Learn more