കമ്മട്ടിപ്പാടത്തിന്റെ ഡിവിഡി നാല് മണിക്കൂര്‍: ഒഴിവാക്കിയ ഭാഗങ്ങള്‍ ആളുകള്‍ വീട്ടിലിരുന്നെങ്കിലും കാണട്ടെയെന്ന് രാജീവ് രവി
Daily News
കമ്മട്ടിപ്പാടത്തിന്റെ ഡിവിഡി നാല് മണിക്കൂര്‍: ഒഴിവാക്കിയ ഭാഗങ്ങള്‍ ആളുകള്‍ വീട്ടിലിരുന്നെങ്കിലും കാണട്ടെയെന്ന് രാജീവ് രവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd June 2016, 10:47 am

rajiv-ravi

കമ്മട്ടിപ്പാടം നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം നടക്കുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ രാജീവ് രവി. എന്നാല്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ ഇപ്പോഴാണ് വിഷമം തോന്നുന്നതെന്നും രാജീവ് രവി പറയുന്നു.

എ സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ അന്ന് വിഷമം തോന്നിയിരുന്നില്ല. എന്നാല്‍ ഇന്ന് വിഷമമുണ്ട്. കത്തിക്കുത്ത് പോലുള്ള വയലന്‍സ് നിറഞ്ഞ രംഗങ്ങള്‍ കാണിക്കുന്നു എന്ന് പറഞ്ഞാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

പഴശ്ശിരാജ ഇതിലും വയലന്‍സ് നിറഞ്ഞ സിനിമയാണ്. എന്നിട്ടും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. എല്ലാവര്‍ക്കും കാണാവുന്ന യു സര്‍ട്ടിഫിക്കറ്റാണു നല്‍കിയത്. പഴശ്ശിരാജയില്‍ അമ്പും വാളും കുത്തിക്കയറുന്നതും വെട്ടുന്നതും വെടി കൊള്ളുന്നതുമെല്ലാമുണ്ടല്ലോ. സെന്‍സര്‍ ഉദ്യോഗസ്ഥരെ കുറ്റം പറയാനാകില്ല. അവര്‍ക്കു കൃത്യമായ മാര്‍ഗനിര്‍ദേശമുണ്ട്. അവര്‍ക്കതനുസരിച്ചു മാത്രമേ ജോലി ചെയ്യാനാകൂ. എന്നും രാജീവ് രവി പറയുന്നു.
എ സര്‍ട്ടിഫിക്കറ്റ് കിട്ടിയതോടെ പല കുടുംബങ്ങളും ഇതു കാണേണ്ടെന്നു തീരുമാനിച്ചു. അതോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. ഇതില്‍ കുട്ടികള്‍ക്കു കാണാന്‍ പാടില്ലാത്ത വയലന്‍സോ, രംഗങ്ങളോ ഉണ്ടെന്നു ഞാനിപ്പോഴും കരുതുന്നില്ല.
ചിത്രത്തിന്റെ എഡിറ്റിങ് കഴിഞ്ഞപ്പോള്‍ നാലു മണിക്കൂര്‍ നീണ്ടതായിരുന്നു ഈ സിനിമ. പിന്നീട് വീണ്ടും കുറച്ചാണ് മൂന്ന് മണിക്കൂര്‍ ആക്കിയത്. സിനിമയ്ക്ക് രണ്ടര മണിക്കൂറെ സമയം പാടുള്ളു എന്നു തീരുമാനിച്ചത് ആരാണെന്നറിയില്ല. ചിലപ്പോള്‍ അതിലും കൂടൂതല്‍ സമയം വേണ്ടിവരും. കമ്മട്ടിപ്പാടം അത്തരമൊരു സിനിമയാണെന്നും രാജീവ് രവി പറയുന്നു.

കമ്മട്ടിപ്പാടത്തിന്റെ ഡിവിഡി നാലു മണിക്കൂറായിരിക്കും. എഡിറ്റ് ചെയ്തപ്പോള്‍ ഒഴിവാക്കേണ്ടിവന്ന കഥാപാത്രങ്ങള്‍, ഉപകഥകള്‍, സന്ദര്‍ഭങ്ങള്‍ എന്നിവയെല്ലാം ഇതില്‍ കാണാം. വീട്ടിലിരുന്നു സ്വതന്ത്രമായി കാണുന്നവര്‍ക്ക് അതെല്ലാം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോയെന്നും രാജീവ് രവി പറയുന്നു. മനോരമ ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.