ചേരിയിലെ തെറി തിയേറ്ററുകളില്‍ കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമില്ല: 'പുലയന്‍' വെട്ടിയതിനെ ന്യായീകരിച്ച് സെന്‍സര്‍ബോര്‍ഡ്
Daily News
ചേരിയിലെ തെറി തിയേറ്ററുകളില്‍ കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമില്ല: 'പുലയന്‍' വെട്ടിയതിനെ ന്യായീകരിച്ച് സെന്‍സര്‍ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd May 2016, 12:29 pm

rajiv-raviരാജീവ് രവിയുടെ “കമ്മട്ടിപ്പാടം” എന്ന ചിത്രത്തില്‍ നിന്നും “പുലയന്‍” എന്നപ്രയോഗം നീക്കം ചെയ്തതിനെ ന്യായീകരിച്ച് സെന്‍സര്‍ബോര്‍ഡ്. ജാതീയ അധിക്ഷേപമാകുമെന്ന് മനസിലാക്കിയാണ് അത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് സെന്‍സര്‍ബോര്‍ഡ് അംഗം വിജയകൃഷ്ണന്‍ പറയുന്നത്.

“പുലയന്‍ എന്ന സംബോധന തെറിയാണെന്ന് പറഞ്ഞിട്ടില്ല. അങ്ങനെയൊരു സംബോധന പാടില്ലെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അത്തരമൊരു ജാതി സംബോധന പാടില്ലെന്ന് പത്രം വായിക്കുന്ന എല്ലാവര്‍ക്കും അറിയില്ലേ. ആ പ്രയോഗം കടന്നുവരുന്ന സാഹചര്യം പരിഗണിച്ചപ്പോള്‍ അത് ജാതീയ അധിക്ഷേപമാകുമെന്ന് മനസിലാക്കിയാണ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്.” സൗത്ത് ലൈവിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സംബോധന ചീത്തവിളിയാണെങ്കില്‍ അതുനീക്കാറുണ്ട്. പലവീടുകളില്‍ നിന്നും വരുന്ന ആളുകള്‍ക്ക് ചേരിയിലെ തെറി തിയ്യേറ്ററുകളില്‍ കേള്‍ക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“കമ്മട്ടിപ്പാടം” എന്ന ചിത്രവുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. ചിത്രത്തിലെ ഒരു ഫ്രയിം പോലും കട്ട് ചെയ്തിട്ടില്ല. ഒരു ഷോട്ടുപോലും നീക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആ ചിത്രം പ്രതിനിധീകരിച്ച ജീവിത പപരിസരം മുതിര്‍ന്നവര്‍ക്കാണ് മനസിലാവുക എന്നതുകൂടി പരിഗണിച്ചാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.