| Friday, 8th January 2016, 1:25 pm

തൊഴിലാളികളുടെ വേതനമല്ല, താരങ്ങളുടെ പ്രതിഫലമാണ് കുറക്കേണ്ടത്: രാജീവ് രവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമാ നിര്‍മാണച്ചിലവ് തൊഴിലാളികളുടെ വേതനമല്ല, താരങ്ങളുടെ പ്രതിഫലമാണ് കുറക്കേണ്ടതെന്ന് സംവിധായകന്‍ രാജീവ് രവി. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും പൃഥ്വിരാജിനോടും ഇക്കാര്യം പറയാന്‍ ഒരു നിര്‍മ്മാതാവിനും ധൈര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടെലഗ്രാമിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തൊഴിലാളികളുടെ വേതനവര്‍ധനവിനോട് തനിക്ക് അനുകൂല നിലപാടാണ്. ജോലി എടുക്കുന്നവന് കൂലി നല്‍കേണ്ടത് അടിസ്ഥാന സംഭവമാണ്. ഫെഫ്കയുടെ വേതനവര്‍ധനവ് വളരെ ബേസിക് ആയ നിരക്കാണെന്നും രാജീവ് രവി അഭിപ്രായപ്പെട്ടു.

തന്റെ സിനിമയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഫെഫ്ക തീരുമാനിച്ച വേതനമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദുല്‍ഖര്‍ നായകനാകുന്ന രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് നിര്‍മാതാക്കള്‍ സമരം പ്രഖ്യാപിച്ചത്. ഇതോടെ ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. തന്റെ ചിത്രത്തിന്റെ നിര്‍മാതാക്കളെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

സമരത്തില്‍ പങ്കെടുക്കുന്നവരുടെ ഷൂട്ടിങ് കഴിഞ്ഞ് പോസ്റ്റു പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നപ്പോള്‍ മറ്റുള്ളവരുടെ ഷൂട്ടിങ് തടയാന്‍ വേണ്ടിയുള്ള സമരമാണിതെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more