Entertainment
ഈയടുത്ത് വന്നതില്‍ ഒരു ഷോട്ട് പോലും അനാവശ്യമായി തോന്നാത്തത് ആ മലയാളസിനിമയില്‍ മാത്രമാണ്: രാജീവ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 10, 02:12 pm
Monday, 10th February 2025, 7:42 pm

ബാലു മഹേന്ദ്രയുടെ സംവിധാനസഹായിയായി സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് രാജീവ് മേനോന്‍. മണിരത്‌നത്തിന്റെ ഹിറ്റ് ചിത്രങ്ങളായ ബോംബൈ, ഗുരു, കടല്‍ എന്നിവക്ക് ക്യാമറ ചലിപ്പിച്ച രാജീവ് മേനോനെ ഹരികൃഷ്ണന്‍സ് എന്ന സിനിമയിലെ ഗുപ്തന്‍ എന്ന കഥാപാത്രമായാണ് മലയാളികള്‍ക്ക് പരിചയം. മിന്‍സാരക്കനവ്, കണ്ടുകൊണ്ടേന്‍, കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും രാജീവ് മേനോനാണ്.

അഭിനേതാവായും പിന്നണിഗായകനായും കമ്പോസറായും രാജീവ് മേനോന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായ വിടുതലൈ പാര്‍ട്ട് 2വിലും രാജീവ് മേനോന്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ കണ്ടതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് രാജീവ് മേനോന്‍.

കേരളത്തിലും തമിഴ്‌നാട്ടിലും സെന്‍സേഷണല്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സാണ് താന്‍ ഈയടുത്ത് കണ്ടതില്‍ ഏറ്റവും മികച്ച സിനിമയെന്ന് രാജീവ് മോനന്‍ പറഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ ഹിറ്റായ ചിത്രം പല കാരണങ്ങള്‍ കൊണ്ട് സ്‌പെഷ്യലാണെന്ന് രാജീവ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. ഹിറ്റ് ചിത്രങ്ങള്‍ പിന്തുടര്‍ന്ന് പോരുന്ന പല ക്ലീഷേ കാര്യങ്ങളെയും മഞ്ഞുമ്മല്‍ ബോയ്‌സ് അവഗണിച്ചെന്ന് രാജീവ് മേനോന്‍ പറഞ്ഞു.

ഒരുപാട് നായകന്മാര്‍ ഉള്ള സിനിമ വിജയിക്കുമെന്നാണ് അതില്‍ ആദ്യത്തെ കാര്യമെന്നും തമിഴ്‌നാട്ടില്‍ നടന്ന ഒരു കാര്യത്തെ ആസ്പദമാക്കിയാണ് ആ സിനിമ ഒരുങ്ങിയതെന്നും രാജീവ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ ഫ്‌ളോപ്പായി, പ്രേക്ഷകരുടെ മനസില്‍ നിന്ന് മാഞ്ഞുപോയ ഒരു സിനിമയെ മഞ്ഞുമ്മല്‍ ബോയ്‌സ് വീണ്ടും ഓര്‍മപ്പെടുത്തിയെന്നും രാജീവ് മേനോന്‍ പറഞ്ഞു.

ആ സിനിമയുടെ പകുതിമുക്കാല്‍ ഭാഗവും സെറ്റിട്ടാണ് എടുത്തതെന്നും എന്നാല്‍ അതില്‍ യാതൊരു വിരസതയും തോന്നിയില്ലെന്നും രാജീവ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. ടെക്‌നിക്കലി ഒരുപാട് വര്‍ക്കുകള്‍ ആവശ്യമുള്ള സിനിമയാണ് അതെന്നും വളരെ നല്ല രീതിയില്‍ അവര്‍ ആ സിനിമ ചെയ്തിട്ടുണ്ടെന്നും രാജീവ് മേനോന്‍ പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടപ്പോള്‍ അതിലെ ഒരു ഷോട്ട് പോലും വേസ്റ്റാണെന്ന് തോന്നിയില്ലെന്നും രാജീവ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. ടൂറിങ് ടോക്കീസിനോട് സംസാരിക്കുകയായിരുന്നു രാജീവ് മേനോന്‍.

‘ഈയടുത്ത് കണ്ടതില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ സിനിമ മഞ്ഞുമ്മല്‍ ബോയ്‌സ്. ഒരുപാട് കാര്യങ്ങള്‍ ആ സിനിമയില്‍ നിന്ന് നമുക്ക് പഠിക്കാനുണ്ട്. അതായത്, ഒരു സിനിമ ഹിറ്റാവാന്‍ ഒരു നായകന്‍ മാത്രമ ആവശ്യമുള്ളൂ എന്ന ചിന്തയെ ആ പടം മാറ്റിക്കളഞ്ഞു. മാത്രമല്ല, തമിഴ്‌നാട്ടില്‍ ഒരു സമയത്ത് ഫ്‌ളോപ്പായ, പ്രേക്ഷകരുടെ മനസില്‍ നിന്ന് മാഞ്ഞുപോയ ഒരു പടത്തിനെയും പാട്ടിനെയും പറ്റി ഇന്നത്തെ തലമുറയെ ഓര്‍മപ്പെടുത്തി.

അത് മാത്രമല്ല, ആ പടത്തിന്റെ പകുതി മുക്കാല്‍ ഭാഗവും സെറ്റിട്ടാണ് എടുത്തത്. അങ്ങനെയൊരു സിനിമ ചെയ്യുമ്പോള്‍ ടെക്‌നിക്കലി ഒരുപാട് റിസ്‌ക്കുണ്ട്. അതെല്ലാം കൃത്യമായി കവര്‍ ചെയ്ത സിനിമയാണ് അത്. ആ പടം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു ഷോട്ട് പോലും വേസ്റ്റാണെന്നുള്ള ചിന്ത എനിക്ക് വന്നതേയില്ല. അത്രക്ക് ഗംഭീരമായിട്ടുള്ള സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്,’ രാജീവ് മേനോന്‍ പറഞ്ഞു.

Content Highlight: Rajiv Menon saying he liked Manjummel Boys a lot