| Wednesday, 28th November 2018, 8:23 am

രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടെ മോചനകാര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനക്കാര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മോചനക്കാര്യത്തില്‍ തീരുമാനം വൈകുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവന.

പേരറിവാളിനെയും നളിനിയെയുമുള്‍പ്പെടെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിട്ട് മൂന്ന് മാസം പിന്നിടുകയാണ്. മോചനകാര്യം പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴും കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസില്‍ നിയമവശങ്ങള്‍ പരിശോധിക്കണമെന്നാണ് ഗവര്‍ണറുടെ നിലപാട്.


Read More: ഇരട്ട നിയന്ത്രണം മാറും; ഫാര്‍മസി കോഴ്‌സുകള്‍ ഇനി കൗണ്‍സിലിന് കീഴില്‍


എന്നാല്‍, പ്രതികളുടെ മോചനകാര്യത്തില്‍ പ്രത്യേക നിയമ ചട്ടകൂടുകള്‍ ഒന്നും ഇതുവരെ കേന്ദ്രം പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. സുപ്രീംകോടതി നിര്‍ദ്ദേശങ്ങളാണ് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ബാധകം. ഏഴ് പ്രതികളുടേയും മോചനകാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.

പ്രതികളുടെ മോചനകാര്യത്തില്‍ കേന്ദ്രം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വിവരാവകാശ നിയംപ്രകാരം പേരറിവാളന്‍ അന്വേഷിച്ചിരുന്നു. ആ ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ മറുപടി. പേരറിവാളന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ സി.ബി.ഐയുടെ കണ്ടെത്തലുകള്‍ ദുര്‍ബലമായിരുന്നെന്ന് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് കെ.ടി തോമസ്സും വ്യക്തമാക്കിയിരുന്നു.


Read More: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി പോരാട്ടം; മധ്യപ്രദേശും മിസോറാമും ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്


ഗവര്‍ണര്‍ ബന്വാവരിലാല്‍ പുരോഹിതിന്റെ തീരുമാനം വൈകുന്നതിന് എതിരെ എം.ഡി.എം.കെ നേതാവ് വൈക്കോയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് തീരുമാനം. മാര്‍ച്ചിന് ഡി.എം.കെയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നതിനിടെ അനുനയ സ്വരവുമായി സര്‍ക്കാര്‍ രംഗത്തെത്തി. തീരുമാനം വൈകിയാല്‍ തുടര്‍ നിയമവശങ്ങള്‍ പരിശോധിക്കുമെന്നാണ് ഇ.പി.എസിന്റെ വിശ്വസ്ഥനും മന്ത്രിയുമായ കടമ്പൂര്‍ രാജുവിന്റെ വാദം.

We use cookies to give you the best possible experience. Learn more