ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്റെ കുറഞ്ഞകാല രാഷ്ട്രീയ ജീവിതത്തിനിടെ എണ്ണമറ്റ നേട്ടങ്ങള്‍ കൈവരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. 25-മത് രാജീവ് ഗാന്ധി ദേശീയ സദ്ഭാവന അവാര്‍ഡ് ദാന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ.
രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം വളരെ ക്രൂരമായ രീതിയിലാണ് അവസാനിച്ചതെന്നും എന്നാല്‍ രാജ്യത്തെ സേവിച്ച കുറഞ്ഞകാലളവില്‍ തന്നെ അദ്ദേഹം നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും സോണിയ ഗാന്ധി പറഞ്ഞു. സ്ത്രീശാക്തീകരണത്തില്‍ ഉള്‍പ്പെടെ നേട്ടത്തില്‍ അദ്ദേഹത്തിന് സാധിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചത് വളരെ ക്രൂരമായ രീതിയിലാണ്. എന്നാല്‍ കുറഞ്ഞകാലളവിനുള്ളില്‍ തന്നെ അദ്ദേഹം നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കി. രാജ്യത്തിന്റെ വൈവിധ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ആളായിരുന്നു അദ്ദേഹം. രാജ്യത്തെ സേവിക്കാന്‍ എത്ര സമയം അദ്ദേഹത്തിന് ലഭിച്ചാലും, നേട്ടങ്ങള്‍ കൈവരിക്കാന്‍ അദ്ദേഹത്തിനായി. സ്ത്രീ ശാക്തീകരണത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും 1/3 വനിതാ സംവരണം കൊണ്ടുവരാനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഇന്ന് 15 ലക്ഷത്തിലധികം തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികള്‍ ഗ്രാമ-നഗര ബോഡികളിലുണ്ടെങ്കില്‍ അതിന് പിന്നില്‍ രാജീവ ഗാന്ധിയുടെ കഠിന പ്രയ്‌നമാണ്,’ സോണിയ ഗാന്ധി പറഞ്ഞു. വോട്ട് ചെയ്യാനുള്ള പ്രായം 21 വയസില്‍ നിന്നും 18 ആയി കുറച്ചത് തങ്ങളുടെ സര്‍ക്കാരാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
വിദ്വേഷവും സമൂഹ ഭിന്നിപ്പും രാഷ്ട്രീയ പക്ഷപതവും ഉയര്‍ന്നു വരുന്ന ഇക്കാലത്ത് ദേശീയ ഐക്യത്തിനും സമാദായിക സൗഹാര്‍ദത്തിനും ഏറെ പ്രാധാമന്യമുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു.
ഞായറാഴ്ച, 25-മത് രാജീവ് ഗാന്ധി ദേശീയ സദ്ഭാവന അവാര്‍ഡ് മുന്‍ ഉപ രാഷ്ട്രപതി എം. ഹമീദ് അന്‍സാരി ബനസ്തലി വിദ്യാപീഠത്തിന് സമ്മാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. രാജീവ് ഗാന്ധിയുടെ 79ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് ദല്‍ഹിയിലെ ജവഹര്‍ ഭവനിലായിരുന്നു പരിപാടി നടന്നത്.
1984ല്‍ അന്നത്തെ പ്രധാനമന്ത്രിയും അമ്മയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നാണ് രാജീവ് ഗാന്ധി കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുക്കുന്നത്. പിന്നീട് പ്രധാനമന്ത്രിയുമായി. 1984ല്‍ അധികാരമേല്‍ക്കുമ്പോള്‍ 40 വയസായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. 1989വരെ അദ്ദേഹം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1991ലെ തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഈലത്തിന്റെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊലചെയ്യപ്പെട്ടത്.
Content Highlights: Rajiv Gandhis political career ended in brutal manner: Sonia gandhi