| Monday, 27th March 2017, 1:43 pm

ഗാന്ധി കുടുംബത്തിലെ ഒരേയൊരു നല്ല മനുഷ്യന്‍ രാജീവ് ഗാന്ധി; ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുത്തയാളെന്നും സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ഒരേയൊരു നല്ല മനുഷ്യന്‍ രാജീവ് ഗാന്ധിയാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഹിന്ദുക്കളെ ഉണര്‍ത്താന്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് മുന്‍ പ്രധാനമന്ത്രിയായ അദ്ദേഹമെന്നും സ്വാമി പറഞ്ഞു.

“നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ഒരേയൊരു നല്ല മനുഷ്യന്‍ രാജീവ് ഗാന്ധിയായിരുന്നു. അദ്ദേഹം ഹിന്ദുക്കളെ ഉണര്‍ത്താന്‍ ഏറെ സംഭാവനകള്‍ നല്‍കി.” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പാട്‌നയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രമുഖ പുരാണ സീരിയല്‍ ആയ രാമായണം ദൂരദര്‍ശനില്‍ ടെലികാസ്റ്റ് ചെയ്യാന്‍ അദ്ദേഹം അനുവാദം നല്‍കിയ കാര്യം സ്വാമി എടുത്തു പറയുകയും ചെയ്തു. അയോധ്യയിലെ രാമക്ഷേത്രം പ്രാര്‍ത്ഥനയ്ക്കായി തുറന്നുകൊടുത്തതും രാജീവ് ഗാന്ധിയുടെ ഭരണകാലത്തെ സംഭാവനയാണെന്ന് സ്വാമി പറയുന്നു.


Also Read: ആ ഓഡിയോ വാര്‍ത്തയാക്കും മുമ്പ് നിങ്ങള്‍ ചെയ്യേണ്ടത് ഇതായിരുന്നു’: മംഗളം ലേഖകന് ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ നിര്‍ദേശം


“കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടായിരുന്നിട്ടും പുരാണകഥയായ രാമായണം ദൂരദര്‍ശനില്‍ ടെലികാസ്റ്റ് ചെയ്യാന്‍ അനുവദിച്ചു.” അദ്ദേഹം പറഞ്ഞു.

1989ല്‍ രാജീവ് ഗാന്ധി ബാബറി മസ്ജിദില്‍ ശിലാന്യാസ് ആചാരം നടത്താന്‍ അനുവദിക്കുകയും അതിന്റെ ഭാഗമായി ക്ഷേത്രം നിര്‍മ്മിക്കാനുള്ള ആദ്യ ശില സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് സ്വാമിയുടെ പരാമര്‍ശം വന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more