[]ന്യൂദല്‍ഹി: ബോഫോഴ്‌സ് കേസ് തേഞ്ഞുമാഞ്ഞു പോയെങ്കിലും ആയുധക്കച്ചവടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങിയിരുന്നതായി രാജീവ് ഗാന്ധിയുടെ ആരാധകന്‍ കൂടിയായ സി.ബി.ഐ മുന്‍ ഡയറക്ടറുടെ കുറ്റസമ്മതം.
സി.ബി.ഐയുടെ മുന്‍ ഡയറക്ടറായിരുന്ന ഡോ. എ.പി മുഖര്‍ജിയുടെ ആത്മകഥയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 1989-90 കാലഘട്ടത്തിലായിരുന്നു അദ്ദേഹം സി.ബി.ഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നത്.
ആയുധക്കച്ചവടത്തില്‍ കമ്മീഷനായി ലഭിച്ചിരുന്ന തുക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് മാത്രമായി ചെലവഴിക്കാന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തീരുമാനിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നു.
” ഇടനിലക്കാരും മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഗൂഢസംഘത്തിന് ഇത്തരമൊരു നീക്കം തിരിച്ചടിയായിരുന്നു. കാരണം ആദര്‍ശരഹിതരായ ചില ബിസിനസുകാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തിന് ഒരു തടയിടാന്‍ ഈ തീരുമാനം കൊണ്ട് കഴിയുമായിരുന്നു” അദ്ദേഹം എഴുതുന്നു.
1989 ജൂണ്‍ 19-ന് ഇരുവരും പ്രധാനമന്ത്രിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് രാജീവ് ഗാന്ധി ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് മുഖര്‍ജി പറയുന്നു. 1987-ല്‍ ആയിരുന്നു ബോഫോഴ്‌സ് കോഴക്കേസ് വിവാദമുയര്‍ത്തിയത്.
1986-ല്‍ ഇന്ത്യന്‍ സേനയും സ്വീഡിഷ് തോക്ക് നിര്‍മ്മാണക്കമ്പനിയും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തില്‍ രാജീവ് ഗാന്ധിയോട് വളരെ അടുപ്പമുള്ളവര്‍ കോഴ വാങ്ങി എന്നായിരുന്നു ആരോപണം.
ചില മന്ത്രിമാരുടെയും ഇടനിലക്കാരുടെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെ സേനയിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വന്‍തുകകള്‍ കമ്മീഷനായി കൈപ്പറ്റുന്നുണ്ടെന്ന് 1984 അവസാനം തന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഭൂരിഭാഗം പ്രതിരോധഇടപാടുകളിലും ഇത് നടക്കുന്നുണ്ടെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. മുഖര്‍ജി പറയുന്നു.
തന്റെ ഉപദേശകരുമായി അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇടനിലക്കാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ നിരോധിക്കണം. പ്രധാന ആയുധഇടപാടുകളില്‍ പതിവുള്ള കമ്മീഷന്‍ ഏതെങ്കിലും സര്‍ക്കാര്‍ ഇതര സ്ഥാപനത്തിന് കീഴിലാക്കണം. ഇത് പാര്‍ട്ടിയുടെ അത്യാവശ്യച്ചെലവുകള്‍ക്കായി വിനിയോഗിക്കാം. അദ്ദേഹത്തിന് ലഭിച്ച ഉപദേശം ഇങ്ങനെയായിരുന്നുവെന്ന് മുഖര്‍ജി വ്യക്തമാക്കുന്നു.
വ്യക്തമായ കണക്കും ഓഡിറ്റിങ്ങും നടത്തി പൊതുജനങ്ങളെ അറിയിച്ചു കൊണ്ട് വ്യവസായികളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നത് ചില വിദേശരാജ്യങ്ങളില്‍ നിയമവിധേയമാണ്. ഇതിന്റെ ചുവടു പിടിച്ച് നിയമനിര്‍മാണം നടത്താനും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു.
എന്നാല്‍ ബോഫോഴ്‌സ് കേസിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചു.
രാജീവ് ഗാന്ധിയെ പുകഴ്ത്തുന്നതില്‍ യതൊരു ലോഭവും കാണിക്കാത്ത മുഖര്‍ജി “ഈ പ്രശംസാര്‍ഹനായ മനുഷ്യന്റെ വിശ്വാസപാത്രമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും” പറയുന്നു.
കോണ്‍ഗ്രസിനെ പോലെയൊരു പാര്‍ട്ടിയെ മുമ്പോട്ട് നയിക്കാന്‍ വേണ്ട വന്‍ സാമ്പത്തികത്തെ കുറിച്ച് രാജീവ് ഗാന്ധി ആശങ്കപ്പെട്ടിരുന്നതായി മുഖര്‍ജി ഓര്‍മ്മിക്കുന്നു.
“നിയമസഭ-പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ വേണ്ടി വരുന്ന തുക വളരെ വലുതാണ്. രാജ്യത്താകെയുള്ള പാര്‍ട്ടി പോഷകസംഘടനകളെ ഉപയോഗിച്ച് വന്‍ ധനസമാഹരണം നടത്തേണ്ടത് ആവശ്യമാണ്. അതുകൊണ്ട് ആദര്‍ശശുദ്ധിയില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകരും മന്ത്രിമാരും ബിസിനസുകാരും തമ്മില്‍ അവിശുദ്ധബന്ധങ്ങള്‍ ഉണ്ടാകുന്നുമുണ്ട്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോഴും അതിന് മുമ്പ് യുവജന നേതാവായിരുന്നപ്പോള്‍ മുതല്‍ ഇക്കാര്യം എനിക്കറിയാമായിരുന്നു.” രാജീസ് ഗാന്ധി വെളിപ്പെടുത്തിയതായി മുഖര്‍ജി പറയുന്നു.
“അണ്‍നോണ്‍ ഫെയ്‌സെറ്റ്‌സ് ഓഫ് രാജീവ് ഗാന്ധി, ജ്യോതി ബസു, ഇന്ദ്രജിത് ഗുപ്ത” എന്ന ബുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.