| Tuesday, 28th July 2020, 4:35 pm

'രാമക്ഷേത്ര ഭൂമി പൂജ ആദ്യം നടത്തിയത് രാജീവ് ഗാന്ധി'; വൈറലാകുന്ന ചിത്രത്തിന്റെ സത്യാവസ്ഥയെന്ത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. കൊവിഡ് സാഹചര്യത്തിലും പരിമിതമായ ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ ശിലാസ്ഥാപനം നടത്താന്‍ പ്രധാനമന്ത്രിയെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഈ സാഹചര്യത്തിലാണ് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി രാമക്ഷേത്ര ശിലാസ്ഥാപനം നടത്തിയെന്ന രീതിയില്‍ ചില ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

1989 ല്‍ അയോധ്യയില്‍ ഭൂമി പൂജ ചടങ്ങ് നടന്നുവന്നും ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പങ്കെടുത്തുവെന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. 1989 ല്‍ ന്യൂദല്‍ഹിയില്‍ റഷ്യന്‍ ഹരേ കൃഷ്ണ സംഘടനയുടെ പ്രതിനിധികള്‍ സന്ദര്‍ശിച്ചിരുന്നു. ഇവരോടൊപ്പം അന്നത്തെ പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ രാമക്ഷേത്ര ഭൂമി പൂജയുടെ പേരില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പശ്ചാത്തലത്തിലുള്ളതാണ് ഈ ഫോട്ടോ. ഒരു കൂട്ടം ഭക്തരുടെ ഇടയില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയെയും കാണാം. അദ്ദേഹത്തിന്റെ കൈയില്‍ ശിലയെന്ന് തോന്നിക്കുന്ന രീതിയില്‍ വ്യക്തമല്ലാത്ത ഒരു വസ്തുവും ഉണ്ട്.

ഇതാണ് രാമക്ഷേത്ര ശിലാസ്ഥാപനത്തിന് അദ്ദേഹം മുന്‍കൈയെടുക്കുന്നു എന്ന രീതിയില്‍ പ്രചരിക്കാന്‍ കാരണം. ‘ആഡംബരങ്ങളൊന്നുമില്ലാതെ രാമക്ഷേത്ര ശിലാസ്ഥാപനം നടത്തുന്നതിന്റെ ചിത്രങ്ങള്‍’ എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിക്കുന്നത്.

ഇതേ ചിത്രം വിക്കിമീഡിയയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി ന്യൂദല്‍ഹിയിലെത്തിയ റഷ്യന്‍ ഹരേ കൃഷ്ണഭക്തരോടൊപ്പം എന്ന തലക്കെട്ടോടെയാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രമാണ് ഇപ്പോള്‍ വ്യാജമായി പ്രചരിക്കുന്നത്.

അതേസമയം 1989 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ നവംബര്‍ 9 ന് അയോധ്യയില്‍ ശിലാസ്ഥാപന ചടങ്ങ് അനുവദിച്ചിരുന്നു. തുടര്‍ന്ന് 30 വര്‍ഷത്തിനുശേഷം ഈ ദിവസമാണ് 2019 ല്‍ രാമഭൂമി-ബാബറി മസ്ജിദ് തര്‍ക്കം സംബന്ധിച്ച സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്

അടുത്തമാസം 5 ന് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലാസ്ഥാപന ചടങ്ങിന്റെ പശ്ചാത്തലത്തിലാണ് ഈ ഫോട്ടോ വൈറലാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നും 200 പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more