| Friday, 6th August 2021, 1:07 pm

രാജീവ് ഗാന്ധി പുറത്ത്; ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കായികരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം എന്നായിരിക്കും ഇനി മുതല്‍ അവാര്‍ഡിന്റെ പേരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

ജനവികാരം മാനിച്ചാണ് ഈ പേരുമാറ്റലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ‘ഖേല്‍ രത്‌ന അവാര്‍ഡിന്റെ പേര് മാറ്റി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന അവാര്‍ഡ് എന്നാക്കണമെന്ന് കുറെ നാളുകളായി ഒരുപാട് പേര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു.

അവരുടെ ആ വികാരം മാനിച്ചുകൊണ്ട് ഖേല്‍ രത്‌ന അവാര്‍ഡ് ഇനി മുതല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന അവാര്‍ഡ് എന്നായിരിക്കുമെന്ന് അറിയിക്കുകയാണ്, ജയ് ഹിന്ദ്,’ മോദിയുടെ ട്വീറ്റില്‍ പറയുന്നു.

ഇന്ത്യക്ക് വേണ്ടി അഭിമാനകരമായ നേട്ടങ്ങള്‍ കൊയ്ത രാജ്യത്തെ ആദ്യ കായികതാരമാണ് മേജര്‍ ധ്യാന്‍ ചന്ദെന്നും രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതി അദ്ദേഹത്തിന്റെ പേരിലായിരിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ് നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് തുടച്ചുനീക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമമാണിതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

ലോകപ്രശസ്ത ഹോക്കി കളിക്കാരനായിരുന്ന ധ്യാന്‍ ചന്ദ് 1928, 1932, 1936 എന്നീ വര്‍ഷങ്ങളില്‍ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ടീമിലെ പ്രധാന അംഗമായിരുന്നു. ഹോക്കിയില്‍ ഇന്ത്യയിലെ സുവര്‍ണകാലഘട്ടത്തിലെ പ്രധാനിയായാണ് ധ്യാന്‍ചന്ദിനെ വിലയിരുത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rajiv Gandhi Khel Ratna award rechristened as Major Dhyan Chand Khel Ratna Award

We use cookies to give you the best possible experience. Learn more