| Monday, 6th May 2019, 12:01 pm

രാജീവ് ഗാന്ധി അഴിമതിക്കാരന്‍ മാത്രമല്ല, ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകന്‍ കൂടിയാണെന്ന് അകാലിദള്‍ ദേശീയ വക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് പിന്നാലെ രാജീവ് ഗാന്ധി വംശഹത്യാ ആസൂത്രകനാണെന്ന ആരോപണവുമായി അകാലിദള്‍ ദേശീയ വക്താവ് മഞ്ജീന്ദര്‍ സിങ് സിര്‍സ.

ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകനാണ് രാജീവ് ഗാന്ധി എന്ന വിവാദപരാമര്‍ശമാണ് മഞ്ജീന്ദര്‍ സിങ് സിര്‍സ ഉയര്‍ത്തിയിരിക്കുന്നത്. ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം 1984ലുണ്ടായ സിഖ് കൂട്ടക്കൊലയെ സൂചിപ്പിച്ചാണ് മഞ്ജീന്ദര്‍ സിങ് സിര്‍സയുടെ ആരോപണം.

രാജീവ് ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശം തികച്ചും ശരിയാണെന്നും മഞ്ജീന്ദര്‍ പറഞ്ഞു. രാജീവ് ഗാന്ധി അഴിമതിക്കാരന്‍ മാത്രമല്ല, ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യനാണെന്നും മഞ്ജീന്ദര്‍ പറഞ്ഞു. ഒരു പ്രത്യേക സമുദായത്തിനെതിരെ വംശഹത്യ നടത്തിയ ലോകത്തിലെ ഒരേയൊരു പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും മഞ്ജീന്ദര്‍ സിങ് സിര്‍സ കൂട്ടിച്ചേര്‍ത്തു.

സിഖുകാരുടെ വംശഹത്യ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ രാജീവ് ഗാന്ധി സംരക്ഷിക്കുകയും ചെയ്തതായി മഞ്ജീന്ദര്‍ ആരോപിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെറ്റുകള്‍ അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറാവുന്നില്ലെന്നും 1984 ലെ വര്‍ഗീയ കലാപങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുതാപം പ്രകടിപ്പിക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടുവെന്നും മഞ്ജീന്ദര്‍ ആരോപിച്ചു.

അതേസമയം, ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

‘താങ്കളുടെ(രാഹുല്‍ ഗാന്ധി) പിതാവ് മിസ്റ്റര്‍ ക്ലീന്‍ ആണെന്നാണ് അദ്ദേഹത്തിന്റെ സേവകര്‍ വാഴ്ത്തിയത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്’ നരേന്ദ്ര മോദി പറഞ്ഞു. വിവാദമായ ബോഫോഴ്സ് കേസിനെ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

മോദിയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെ കര്‍മഫലം നിങ്ങളെ കാത്തിരിക്കുന്നുവെന്ന് തിരിച്ചടിച്ച് രാഹുല്‍ രംഗത്ത് വന്നു. രാജീവ് ഗന്ധിയുടെ രക്ഷസാക്ഷിത്വത്തിനെ അപമാനിച്ചെന്നും അമേത്തിയിലെ ജനങ്ങള്‍ അതിന് മറുപടി നല്‍കുമെന്നും പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more