പേരറിവാളനെ പോലെ തന്നെയും മോചിപ്പിക്കണം; രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യപ്രതി സുപ്രീം കോടതിയില്‍
national news
പേരറിവാളനെ പോലെ തന്നെയും മോചിപ്പിക്കണം; രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യപ്രതി സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th August 2022, 7:36 am

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കേസിലെ മുഖ്യപ്രതി നളിനി. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുകയാണ് നിലവില്‍ നളിനി. കേസിലെ പ്രതിയായ പേരറിവാളനെ കോടതി ഇടപെട്ട് നേരത്തെ വിട്ടയച്ചിരുന്നു. പോരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നാവശ്യപ്പെട്ടാണ് നളിനി കോടതിയെ സമീപിച്ചിരിക്കുന്നത്.

മോചനം ലഭിക്കുന്നത് വരെ ഇടക്കാല ജാമ്യത്തില്‍ വിടണമെന്നും നളിനി കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു. സമാന ആവശ്യമുന്നയിച്ച് കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഏഴുപേരില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇന്ത്യക്കാര്‍. മറ്റ് നാല് പ്രതികള്‍ ശ്രീലങ്കക്കാരാണ്. തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ച പരോളിലാണ് നിലവില്‍ നളിനിയും രവിചന്ദ്രനും.

രാജീവ് ഗാന്ധിയടക്കം 21 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ നളിനി, പേരറിവാളന്‍ മറ്റ് രണ്ട് പേര്‍ എന്നിവരുള്‍പ്പെടെ നാല് പേരെ വധശിക്ഷക്ക് വിധിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ജീവപര്യന്തം തടവായിരുന്നു ശിക്ഷ. 1999ല്‍ സുപ്രീം കോടതിയായിരുന്നു ഇപ്രകാരം വിധി പുറത്തിറക്കിയത്.

2000ല്‍ സോണിയാഗാന്ധി ദയാഹരജി നല്‍കിയതിനെ തുടര്‍ന്ന് നളിനിയുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമായി കുറച്ചിരുന്നു.

1991 മേയ് 21 നാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എല്‍.ടി.ടി.ഇ) അംഗമായ തനു എന്നറിയപ്പെടുന്ന തേന്‍മൊഴി രാജരത്‌നം ആണ് രാജീവ് ഗാന്ധിയെ ചാവേര്‍ ആക്രമണം നടത്തി കൊലപ്പെടുത്തിയത്. ശ്രീപെരുമ്പത്തൂരില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു രാജീവ് ഗാന്ധിയെ സംഘം കൊലപ്പെടുത്തിയത്.

താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ശ്രീലങ്കയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സമാധാന സംരക്ഷണ സേനയെ അയക്കുമെന്ന് രാജീവ് ഗാന്ധി പറഞ്ഞിരുന്നു. 1990 ആഗസ്റ്റ് 21ന് സണ്‍ഡേ മാസികക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഇതുകൊണ്ടാണ് രാജീവ് ഗാന്ധിയെ വധിക്കാന്‍ എല്‍.ടി.ടി.ഇ തീരുമാനിച്ചതെന്നാണ് കേസിന്റെ വിചാരണവേളയിലെ സുപ്രീം കോടതിയുടെ നിരീക്ഷണം.

കേസില്‍ അറസ്റ്റിലായ പേരറിവാളന് ഇക്കഴിഞ്ഞ മേയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
31 വര്‍ഷത്തിന് ശേഷമായിരുന്നു പേരറിവാളന് മോചനം ലഭിച്ചത്. ഭരണഘടനയുടെ 142ാം അനുച്ഛേദ പ്രകാരം സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

1991 ജൂണ്‍ 11ന് ആണ് പേരറിവാളന്‍ അറസ്റ്റിലാകുന്നത്.

ഗൂഢാലോചനയുടെ സൂത്രധാരനായ എല്‍.ടി.ടി.ഇക്കാരനായ ശിവരാസനുവേണ്ടി രണ്ട് 9 വോള്‍ട്ട് ‘ഗോള്‍ഡന്‍ പവര്‍’ ബാറ്ററി സെല്ലുകള്‍ വാങ്ങിയെന്നാരോപിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ആ വര്‍ഷം മെയ് 21 ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ബോംബില്‍ ബാറ്ററികള്‍ ഉപയോഗിച്ചിരുന്നു.

Content Highlight: Rajiv gandhi assassination, main convict in supreme court seeking bail