ന്യൂദല്‍ഹി: രാജീവ്ഗാന്ധി വധക്കേസില്‍ 1991 മുതല്‍ തടവനുഭവിക്കുന്നപ്രതികളോട് ദയ കാണിക്കണമെന്നപേക്ഷിച്ച് സോണിയ ഗാന്ധിക്ക് ജഡ്ജിയുടെ കത്ത്. ശിക്ഷ വിധിച്ച മൂന്നംഗ ബെഞ്ചിന്റെ തലവനായുരുന്ന ജസ്റ്റിസ് കെ.ടി തോമസാണ് രാജീവ് ഗാന്ധിയെ വധിച്ചവരോട് മഹാമനസ്‌കത കാണിക്കണമെന്ന് അപേക്ഷിച്ച് കത്ത് അയച്ചത്. കേസില്‍ കുറ്റക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കിയിരുന്നു.
2014ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതിനെ എതിര്‍ത്തിരുന്നു. സംഭവം ഇപ്പോള്‍ സുപ്രിം കോടതിയുടെ പരിഗണയിലാണ്.
സോണിയ ഗാന്ധിയും മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇളവ് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കുകയും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്യുകയാണെങ്കില്‍ ഇവര്‍ക്ക് ശിക്ഷയില്‍ ഇളവു കിട്ടും. നിരവധി കാലം ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. മാനുഷിക പരിഗണയുടെ കാര്യമായി എടുക്കണമെന്നും വിധി പുറപ്പെടുവിച്ച ജഡ്ജി എന്ന നിലയില്‍ തനിക്ക് ആവശ്യം ഉന്നയിക്കാനാകൂ എന്ന് കരുതുന്നതായും ജസ്റ്റിസ് കെ.ടി തോമസ് കത്തില്‍ പറയുന്നു.
ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് ജസ്റ്റിസ് തോമസ് കത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് പറഞ്ഞത്. കുറ്റവാളികള്‍ക്ക് വേണ്ടി “അനുകമ്പ” തേടുകയാണെന്നും കേസില്‍ സി.ബി.ഐയുടെ അന്വേഷണത്തില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ടെന്നും 40 ലക്ഷം രൂപ പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ പിഴവ് പറ്റിയതായി കരുതുന്നതായും ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു.
“പ്രതികള്‍ക്ക വേണ്ടി ഇടപെടാന്‍ സോണിയാ ഗാന്ധിയോട് അപേക്ഷിക്കുന്നത് കഠിനമായ കാര്യമാണ്. അവര്‍ രാജീവ് ഗാന്ധിയുടെ കൊലയാളികളായാണ് അവരെ കാണുന്നത്. ഇപ്പോള്‍ അവരോട് കരുണ കാണിക്കാന്‍ പറയുന്നതില്‍ എന്നെ തെറ്റിദ്ധരിക്കരുത്. നെഹ്‌റുയുഗത്തില്‍ ഗാന്ധിഘാതകനായ ഗോഡ്‌സയെ 14 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മോചിപ്പിച്ചിരുന്നു എന്നും കത്തില്‍ സൂചിപ്പിക്കുന്നു.
ഈ കേസില്‍ 24 വര്‍ഷം ശിക്ഷിക്കപ്പെട്ടവരെ തൂക്കിക്കൊല്ലുന്നതിലെ ഔചിത്യം 2013ല്‍ തോമസ് ചോദിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് ഭരണഘടനാ വിരുദ്ദമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1991ല്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍വെച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.