മൂന്ന് പതിറ്റാണ്ടായി അവര്‍ ജയില്‍വാസത്തിന്റെ വേദന അനുഭവിക്കുകയാണ്; രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ അടിയന്തരമായി വിട്ടയക്കണമെന്ന് സ്റ്റാലിന്‍
national news
മൂന്ന് പതിറ്റാണ്ടായി അവര്‍ ജയില്‍വാസത്തിന്റെ വേദന അനുഭവിക്കുകയാണ്; രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ അടിയന്തരമായി വിട്ടയക്കണമെന്ന് സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th May 2021, 7:47 pm

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ഇക്കാര്യം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സ്റ്റാലിന്‍ കത്തയച്ചതായാണ് വിവരം. അടിയന്തരമായി ഏഴ് പ്രതികളേയും മോചിപ്പിക്കണമെന്നാണ് ആവശ്യം.

ജയിലില്‍ കഴിയുന്ന പേരറിവാളന്‍, സുരേന്ദ്രരാജയെന്ന ശാന്തനു, നളിനി, മുരുകന്‍ , റോബര്‍ട്ട് പയസ് ,ഭാര്യാ സഹോദരന്‍ ജയകുമാര്‍ , രവിചന്ദ്രന്‍ എന്നിവരെ മോചിപ്പിക്കണമെന്നും മൂന്ന് പതിറ്റാണ്ടായി അവര്‍ ജയില്‍വാസത്തിന്റെ വേദന അനുഭവിക്കുകയാണെന്നും കത്തില്‍ പറഞ്ഞു.

പേരറിവാളന്‍, നളിനി ഉള്‍പ്പടെ ഏഴ് പ്രതികളെയും വിട്ടയ്ക്കാന്‍ ജയലളിത സര്‍ക്കാര്‍ 2014ല്‍ ശുപാര്‍ശ നല്‍കിയിരുന്നു.

7 പ്രതികളെ വിട്ടയയ്ക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ 2018 സെപ്റ്റംബറില്‍ തീരുമാനിച്ചിരുന്നു.
ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതിനെ തുടര്‍ന്ന് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കേന്ദ്രനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറ്റങ്ങളുടെ ശിക്ഷാകാലാവധി കഴിഞ്ഞ് ഇപ്പോള്‍ ഐ.പി.സി 302 പ്രകാരം കൊലക്കുറ്റത്തിനുള്ള ശിക്ഷയാണ് പ്രതികള്‍ അനുഭവിക്കുന്നത്.

സി.ബി.ഐയുടെ അന്വേഷണത്തില്‍ രാജീവ് വധത്തിന്റെ കാതലായ കാരണങ്ങളെക്കുറിച്ച് ഒന്നുമുണ്ടായിരുന്നില്ലെന്നും അവ്യക്തമായ കുറ്റപത്രത്തിന്‍മേലാണ് പേരറിവാളനും നളിനിയുമടക്കമുള്ളവര്‍ മൂന്ന് പതിറ്റാണ്ടോളം ജയിലില്‍ കിടന്നതെന്നും ശിക്ഷ വിധിച്ച ജസ്റ്റിസ് കെ. ടി തോമസ് നേരത്തെ സോണിയാഗാന്ധിക്ക് എഴുതിയ കത്തില്‍ പറഞ്ഞിരുന്നു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Content Highlights: Rajiv Gandhi assassination case: TN CM MK Stalin demands release of seven convicts, writes to President Kovind