ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
കേസിലെ പ്രതികളായ നളിനി ശ്രീഹരന്‍, ആര്‍.പി. രവിചന്ദ്രന്‍, റോബര്‍ട്ട് പൈസ്, ശ്രീഹരന്‍, ജയകുമാര്‍, മുരുകന്‍ എന്നീ പ്രതികളെ മോചിപ്പിക്കുന്നതിനാണ് കോടതി ഉത്തരവിട്ടത്.
31 വര്‍ഷമായി രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ നളിനി ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികമുള്ള ജയില്‍ വാസത്തിന് പിന്നാലെ മാസങ്ങള്‍ക്ക് മുമ്പ് മോചിതനായിരുന്നു.
പേരറിവാളന്റെ ഉത്തരവ് മറ്റുപ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ മൂന്ന് പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ട്. അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി.
മെയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി. രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹരജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു.
ആര്‍ട്ടിക്കിള്‍ 142ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
അതേസമയം, രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ ഏഴ് പേരെയും വിട്ടയക്കാന്‍ രണ്ട് വര്‍ഷം മുന്‍പ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും സംസ്ഥാന ഗവര്‍ണര്‍ അംഗീകരിച്ചില്ല. തീരുമാനം വൈകിപ്പിച്ച അന്നത്തെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് പിന്നീട് ഫയല്‍ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. മാനുഷിക പരിഗണന നല്‍കി ഏഴ് പേരെയും വിട്ടയക്കണം എന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നത്.
1991 മെയ് 21ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതികള്‍ 1998 ജനുവരിയില്‍ സ്പെഷ്യല്‍ ടാഡ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
1999 മെയ് 11 ന് മേല്‍ക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014ല്‍ സുപ്രീം കോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കുകയായിരുന്നു. പ്രതികള്‍ സമര്‍പ്പിച്ച ദയാഹരജി കേന്ദ്രം 11 വര്‍ഷം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം.
Content Highlight: Rajiv Gandhi assassination case: Supreme Court orders release of all 6 convicts, including Nalini and Ravichandran