ചെന്നൈ: മകളുടെ വിവാഹത്തിന് ആറുമാസത്തെ പരോളിന് അപേക്ഷിച്ച് രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ ശിക്ഷ അനുഭവിക്കുന്ന എസ്. നളിനി. നിലവില്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നളിനി ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിലാണ് അപേക്ഷ നല്‍കിയത്.
ലണ്ടനില്‍ താമസിക്കുന്ന മകള്‍ ഹരിതയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ആറുമാസത്തെ പരോളിന് നളിനി അപേക്ഷിച്ചത്. നിലവില്‍ ജീവപര്യന്തം തടവുകാര്‍ക്ക് രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ പരോള്‍ അനുവദിക്കാറുണ്ടെന്നും എന്നാല്‍ 27 വര്‍ഷമായി തടവില്‍ കഴിയുന്ന തനിക്ക് ഇതുവരെ പരോള്‍ അനുവദിച്ചിട്ടില്ലെന്നും നളിനി തന്റെ അപേക്ഷയില്‍ പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 3700ല്‍ അധികം തടവുകാരെ സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നെന്നും നളിനി ചൂണ്ടിക്കാട്ടി. നളിനി ഉള്‍പ്പെടെ കേസിലെ തടവുകാരെ വിട്ടയക്കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ശുപാര്‍ശ നിലവില്‍ ഗവര്‍ണറുടെ പരിഗണനയിലാണ്.
നിലവില്‍ രാജീവ് ഗാന്ധി വധക്കേസില്‍ എട്ടുപേര്‍ ശിക്ഷ അനുഭവിക്കുകയാണ്. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍, റോബര്‍ട്ട്, പയസ്, ജയകുമാര്‍ എന്നിവരാണ് കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.
ഇവരില്‍ മുരുകനും നളിനിയും ഭാര്യാ ഭര്‍ത്താക്കന്മാരാണ്. നേരത്തെ ശിക്ഷാ ഇളവ് തേടി നളിനി ദേശീയ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. 25 വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച് കഴിഞ്ഞ തനിക്ക് ഇക്കാര്യം പരിഗണിച്ച് ജയില്‍മോചനം നല്‍കണമെന്നായിരുന്നു നളിനിയുടെ അഭ്യര്‍ത്ഥന. അഭിഭാഷകന്‍ പി. പുകഴേന്തി വഴിയാണ് നളിനി വനിതാ കമ്മീഷനെ സമീപിച്ചിരുന്നത്
DoolNews Video