Advertisement
India
രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന് ഇന്ത്യ വിടാന്‍ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 26, 10:11 am
Tuesday, 26th March 2024, 3:41 pm

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന് ഇന്ത്യ വിടാന്‍ അനുമതി ലഭിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയിൽ. ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ മുരുകന് യാത്രാരേഖ അനുവദിച്ചു.

തീരുമാനം തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് കൂടെ ലഭിച്ചാല്‍ മുരുകന് ഇന്ത്യ വിടാന്‍ സാധിക്കും.

രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായതിന് ശേഷം മുരുകന്‍ നേരത്തെ ജയില്‍ മോചിതനായ മറ്റ് മൂന്ന് പ്രതികള്‍ക്കൊപ്പം തിരുച്ചിറപ്പള്ളിയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു താമസിച്ചിരുന്നത്.

ലണ്ടനിലുള്ള മകള്‍ക്കൊപ്പം താമസിക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുരുകന്റെ ഭാര്യ നളനി മദ്രാസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചെന്നൈയിലെ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈകമ്മീഷനിലെത്തിച്ച് മുരുകന് പാസ്‌പോര്‍ട്ട് അനുവദിക്കുകയായിരുന്നു.

ഇനി കേന്ദ്ര സര്‍ക്കാര്‍ എക്‌സിറ്റ് അനുമതി കൂടെ നല്‍കിയാല്‍ ഇന്ത്യ വിട്ട് പോകാന്‍ സാധിക്കും എന്നാണ് മദ്രാസ് ഹൈക്കോടതിയിയെ തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചത്. ഒരാഴ്ചക്കകം എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചാല്‍ മുരുകന് ശ്രീലങ്കയില്‍ പോകാന്‍ സാധിക്കും.

ശ്രീലങ്കയില്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് ആരോപിച്ച് ലണ്ടനിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് പോകാന്‍ അനുവദിക്കണമെന്ന് മുരുകന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Rajiv Gandhi assassination case accused Murugan allowed to leave India