| Friday, 5th July 2019, 4:53 pm

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയ്ക്ക് പരോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്കു 30 ദിവസത്തെ പരോള്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനു പരോള്‍ അനുവദിക്കണമെന്ന നളിനിയുടെ അപേക്ഷ പരിഗണിച്ചു മദ്രാസ് ഹൈക്കോടതിയുടേതാണു തീരുമാനം.

27 വര്‍ഷത്തെ ജയില്‍ വാസത്തിനിടെ നളിനിക്കു പരോള്‍ ലഭിക്കുന്നതു രണ്ടാം തവണയാണ്. 2016ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 24 മണിക്കൂര്‍ പരോള്‍ ലഭിച്ചിരുന്നു.

1991 മേയ് ഇരുപത്തിയൊന്നിന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസിലെ പ്രതിയാണ് നളിനി. സുപ്രീംകോടതി ശരിവച്ച വധശിക്ഷ രാജീവിന്റെ വിധവ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ല്‍ തമിഴ്‌നാടു സര്‍ക്കാര്‍ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

അറസ്റ്റിലായതു മുതല്‍ 27 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നളിനി. ജയിലില്‍ വച്ചുണ്ടായ മകള്‍ അരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആറുമാസത്തെ പരോള്‍ ചോദിച്ചാണ് ഹൈക്കോടതി സമീപിച്ചത്. സ്വയം വാദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍പ്പുകള്‍ മറികടന്നു കോടതി അനുവദിച്ചതോടെയാണ് മൂന്നുകൊല്ലത്തിനു ശേഷം നളിനി പുറംലോകം കാണുന്നത്.

ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരുമാസത്തെ പരോളിന് അവകാശമുണ്ട്. എന്നാല്‍ 27 വര്‍ഷമായി പരോള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു നളിനിയുടെ പരാതി. ജയില്‍ സുപ്രണ്ടിനു നല്‍കിയ അപേക്ഷയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കരുതല്‍ നടപടിയായി മദ്രാസ് ഹൈക്കോടതിക്കും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more