| Sunday, 13th April 2025, 8:13 pm

മുനമ്പം വിഷയം പരിഹരിച്ചത് നരേന്ദ്ര മോദിയെന്ന് രാജീവ് ചന്ദ്രശേഖര്‍; മോദിക്ക്‌ വോട്ട് ചെയ്യുന്നവര്‍ അവിടെ ഇല്ലാതിരുന്നിട്ടും പരിഹാരം കണ്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുനമ്പം വിഷയത്തില്‍ പരിഹാരം കണ്ടത് പ്രധാന മന്ത്രി നരേന്ദ്ര മോദിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

മോദിക്ക് വോട്ട് ചെയ്യുന്നവര്‍ അവിടെ ഇല്ലാതിരുന്നിട്ടും വിഷയത്തില്‍ അദ്ദേഹം പരിഹാരം കണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് പാര്‍ട്ടികള്‍ പ്രീണന രാഷ്ട്രീയമാണ് സ്വീകരിക്കുന്നതെന്നും ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു.

വഖഫ് ഭേദഗതി നിലവില്‍ വന്നാല്‍ മുനമ്പത്തെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് ഏറെക്കാലമായി ബി.ജെ.പി നേതാക്കള്‍ പറയുന്നുണ്ട്. അതിനാല്‍ പുതിയ വഖഫ് നിയമം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ ഈ പ്രസ്താവനയും പുറത്ത് വരുന്നത്.

വഖഫ് നിയമം പാസാകുന്നതോടെ കേരളത്തിലെ മുനമ്പത്തെ താമസക്കാര്‍ക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്ന് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കവെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു അവകാശപ്പെട്ടിരുന്നു.

എന്നാല്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് തന്നെയാണ് കേരളത്തില്‍ നിന്നുള്ള എല്ലാ ജനപ്രതിനിധികളുടെയും ആഗ്രഹമെന്നും അതിന്റെ പേരില്‍ മതസ്വാതന്ത്യം ഇല്ലാതാകുന്ന നീക്കങ്ങള്‍ പാടില്ലെന്നും കോണ്‍ഗ്രസ് എം.പി കെ.സി. വേണുഗോപാല്‍ ഇതിന് മറുപടിയും നല്‍കിയിരുന്നു.

അതേസമയം കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജു ഏപ്രില്‍ 15ന് മുനമ്പത്ത് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്‍.ഡി.എ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭയില്‍ പങ്കെടുക്കാനാണ് കിരണ്‍ റിജിജു മുനമ്പത്ത് എത്തുന്നത്.

വഖഫ് ഭേദഗതി ബില്ലിലൂടെ എന്‍.ഡി.എ ഒപ്പമുണ്ടെന്ന സന്ദേശം നല്‍കാനാണ് കേന്ദ്രമന്ത്രി മുനമ്പത്ത് എത്തുന്നതെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ അഭിനന്ദന്‍ സഭ മുനമ്പത്ത് വെച്ചല്ല നടക്കുന്നത്. പക്ഷെമുനമ്പം സമര സമിതിയുടെ പരിപൂര്‍ണ പിന്തുണ പരിപാടിക്കുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്.

Content Highlight: Rajiv Chandrasekhar says Narendra Modi solved the Munambam issue

We use cookies to give you the best possible experience. Learn more