|

'തെറ്റ് ചെയ്തെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ മാപ്പ് ചോദിക്കുന്നു'; പരിപാടികളില്‍ വിളിച്ചില്ലെങ്കില്‍ കുഴപ്പമില്ലെന്നും രജത് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബോധവത്കരണ പരിപാടികളില്‍ രജത്കുമാറിനെ വിളിക്കരുതെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഉത്തരവില്‍ തന്റെ വിശദീകരണവുമായി രജത്കുമാര്‍.
മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പരിപാടികളിലേക്ക് തന്നെ വേണ്ടെന്നു വച്ചാല്‍ ഒരു വിരോധവും ഇല്ലെന്നും രജത് കുമാര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് രജത്കുമാറിന്റെ വിശദീകരണം.

കെട്ടിച്ചമച്ചുണ്ടാക്കിയ വിവാദത്തില്‍ ഏതെങ്കിലും മാതാപിതാക്കള്‍ക്കോ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ സുഹൃത്തുക്കള്‍ക്കോ എന്തെങ്കിലും വിഷമം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് വളച്ചൊടിച്ചവര്‍ക്ക് വേണ്ടി മാപ്പു ചോദിക്കുന്നു. ഇനി അതല്ല ഞാന്‍ നിങ്ങളോട് തെറ്റ് പ്രവര്‍ത്തിച്ചെന്ന് തോന്നുന്നുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും രജത് കുമാര്‍ പറയുന്നു

പത്ത് പതിനഞ്ച് വര്‍ഷമായി സമൂഹത്തിലെ നന്മ മാത്രം ഉദ്ദേശിച്ച് പുതിയ തലമുറ വഴി തെറ്റാതിരിക്കാനും അടുത്ത തലമുറ നന്നായി ജനിക്കാനും വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. പക്ഷെ  മൂന്നു മണിക്കൂര്‍ നാലുമണിക്കൂര്‍ ഷോയുടെ ഇടയില്‍ നിന്ന് ഒരുവരി കട്ട് ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്.


Read more:  സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ തീരുന്നതാണോ രജത് കുമാറിന്റെ മനുഷ്യത്വ വിരുദ്ധത


ബൈബിളും ഖുര്‍ആനും ഗീതയുമെല്ലാം ശാസ്ത്രീയമായി പറയാന്‍ കൂടെ ഒരു തുള്ളി കഴിവ് ദൈവം തനിക്ക് തന്നിട്ടുണ്ട്. അപ്പോള്‍ വേദങ്ങളിലെ വചനങ്ങള്‍ ഞാന്‍ പറയുന്നതിനെയാണ് അന്ധവിശ്വാസം പ്രചരിപ്പിക്കുകയെന്ന് പറയുന്നത്. എന്നെക്കൊണ്ട് വേദം പറയിപ്പിക്കാതെയാക്കുക എന്നുള്ളതിന് ഗൂഢാലോചനയാണിതെന്നും രജത് കുമാര്‍ പറയുന്നു.

കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് തനിക്ക് ഒരു നിര്‍ബന്ധവുമില്ല. തന്നെ ആവശ്യമുള്ളവരും എന്നെ വിളിക്കുന്നവരുടെയും മുന്നില്‍ സംസാരിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ട്. നിങ്ങള്‍ക്ക് എന്നെ വേണമെന്നുണ്ടെങ്കില്‍ എന്റെ അന്ത്യശ്വാസം വരെ പ്രവര്‍ത്തിക്കും. ഞാന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ല. നിങ്ങള്‍ക്ക് എന്നെ വേണമെങ്കില്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ എന്നെ സ്വസ്ഥമായി പുറത്തേക്ക് വിടുകയാണ് വേണ്ടതെന്നും രജത് കുമാര്‍ പറയുന്നു.