കൊച്ചി: മനസില്‍ ശുദ്ധിയുള്ളവര്‍ക്ക് കൊവിഡ് 19 വരില്ലെന്ന് ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയില്‍നിന്നും പുറത്തായ മത്സരാര്‍ത്ഥി രജിത് കുമാര്‍. തനിക്ക് കൊവിഡ് പേടിയില്ലെന്നും രജിത് കുമാര്‍ വിമാനത്താവളത്തിലെത്തിയ ഉടനെ പ്രതികരിച്ചു. മനസില്‍ ശുദ്ധിയില്ലാത്തവര്‍ക്കാണ് കൊറോണ ബാധിക്കുന്നതെന്നും രജിത് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
അധ്യാപകനായ രജിത് കുമാര്‍ മുമ്പും ഇത്തരത്തില്‍ വിചിത്ര പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.
അതേസമയം, രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയവര്‍ക്കെതിരെ എറണാകുളം ജില്ലാ കളക്ടര്‍ കേസെടുത്തു. ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് രജിത് കുമാര്‍ കൊച്ചി വിമാനത്താവളത്തിലെത്തിയത്. രജിതിനെ സ്വീകരിക്കാന്‍ നിരവധിപ്പേരാണ് വിമാനത്താവളത്തില്‍ എത്തിയിരുന്നത്. പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് കേസ്.
പൊലീസിന് നിയന്ത്രിക്കാന്‍ പറ്റാത്തത്ര ആളുകളാണ് തടിച്ചുകൂടിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളെയും മറികടന്ന് രജിത് കുമാറിന്റെ ആരാധകരടങ്ങുന്ന വലിയ ജനക്കൂട്ടം വിമാനത്താവളത്തില്‍ തടിച്ചുകൂടിയതിനെതിരെ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമണയും ഡോ ധന്യാ മാധവും പരാതി നല്‍കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കുമായിരുന്നു ഇരുവരും പരാതി നല്‍കിയത്. ആളുകള്‍ തടിച്ചുകൂടിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.
ഫാന്‍സ് എന്ന പേരിലെത്തിയ ആളുകളാണ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നത്. കൂട്ടമായെത്തിയ ഇവര്‍ വിമാനത്താവളത്തില്‍ മുദ്രാവാക്യം വിളിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. തടിച്ചുകൂടിയവരോട് തിരികെ പോകാന്‍ ആവശ്യപ്പെടാന്‍ പൊലീസ് രജിത് കുമാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അദ്ദേഹമത് അവഗണിക്കുകയായിരുന്നു. എല്ലാ ആഘോഷങ്ങള്‍ക്കുമൊപ്പം നിന്ന രജിത് കുമാര്‍ ഏറെ നേരം കഴിഞ്ഞാണ് ഫേസ് ബുക്ക് ലൈവിലെത്തി ആളുകളോട് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ