| Wednesday, 18th March 2020, 12:36 pm

രജിത് കുമാറിന് എല്ലാം അറിയാമായിരുന്നു, ആളുകളെ സംഘടിപ്പിച്ചത് ഷിയാസും പരീക്കുട്ടിയും; എല്ലാം ആസൂത്രിതമെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളെ ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബിഗ്‌ബോസില്‍നിന്നും പുറത്തായ രജിത് കുമാറിന് സ്വീകരണമേര്‍പ്പെടുത്തിയത് ആസൂത്രിതമെന്ന് പൊലീസ്. ഇത്രയും വലിയ സ്വീകരണ പരിപാടി ഏര്‍പ്പെടുത്തിയതായി അറിയില്ലെന്നും ഇത്രത്തോളം ആളുകള്‍ എത്തുമെന്നതിനെക്കുറിച്ച് ധാരണയില്ലായിരുന്നെന്നുമായി രജിത് കുമാര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദത്തെ പൊലീസ് തള്ളി.

രജിത്തിന്റെ അവകാശ വാദങ്ങള്‍ തെറ്റാണെന്നും തന്നെ സ്വീകരിക്കാന്‍ വിമാനത്താവളത്തിന് പുറത്ത് ജനം തടിച്ചുകൂടി നില്‍ക്കുന്നതിനെക്കുറിച്ച് രജിത്തിന് അറിയാമായിരുന്നെന്നും പൊലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കി.

ബിഗ് ബോസിലെ കഴിഞ്ഞ തവണത്തെ മത്സരാര്‍ത്ഥിയായ ഷിയാസ് കരീം, രജിത്തിന്റെ സഹമത്സരാര്‍ത്ഥിയായിരുന്ന പരീക്കുട്ടി, ഇബാസ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരണ പരിപാടിയിലേക്ക് ആളുകളെ സംഘടിപ്പിച്ചതെന്നുമാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയാണ് രജിത് കുമാര്‍.

എന്നാല്‍ രജിത് കുമാര്‍ ആവശ്യപ്പെട്ടിട്ടാണ് വിമാനത്താവള പരിസരത്ത് എത്തിയതെന്ന് സ്വീകരണം നല്‍കാന്‍ എത്തിയവരില്‍ ഒരാള്‍ പൊലീസിന് മൊഴി നല്‍കി.

ഒളിവില്‍ പോയ രജിത് കുമാറിനെ ചൊവ്വാഴ്ച ആറ്റിങ്ങലിലെ വീട്ടില്‍നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. മൂന്ന് മണിക്കൂറോളമാണ് പൊലീസിന്റെ ചോദ്യം ചെയ്യല്‍ നീണ്ടത്. കേസില്‍ ഒന്നാം പ്രതിയാണ് രജിത് കുമാര്‍. ഷിയാസ് കരീം രണ്ടാം പ്രതിയും പരീക്കുട്ടിയെ മൂന്നാം പ്രതിയുമാക്കിയാണ് എഫ്.ഐ.ആര്‍.

വിമാനത്താവളത്തും പരിസരത്തും പൊലീസ് കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളെയെല്ലാം അവഗണിച്ചായിരുന്നു രജിത് കുമാറിന്റെ ആരാധകരെന്ന് അവകാശപ്പെട്ട് ആളുകള്‍ തടിച്ചുകൂടുകയും സ്വീകരണം ഏര്‍പ്പെടുത്തുകയും ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more