കൊച്ചി: ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ നടിയാണ് രജിഷ വിജയന്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗകരിക്കിന്‍വെള്ളത്തിലെ അഭിനയത്തിലൂടെയാണ് രജിഷയെത്തേടി ഈ നേട്ടം എത്തിയത്. ടെലിവിഷന്‍ അവതാരക രംഗത്തു നിന്നാണ് രജിഷ സിനിമയിലേക്ക് പ്രവേശിച്ചത്. കോഴിക്കോട് സ്വദേശിനിയായ രജിഷ പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടിയിട്ടുണ്ട്.
ദിലീപ് നായകനായെത്തിയ ജോര്‍ജേട്ടന്‍സ് പൂരത്തിലാണ് രജിഷ രണ്ടാമതായി അഭിനയിച്ചത്. ആദ്യ ദിനത്തില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രത്തിന് പിന്നീട് അത് നില നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നുള്ള തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ദിലീപ് വളരെ ഡൗണ്‍ ടു എര്‍ത്താണെന്നാണ് ജനപ്രിയനായകന്‍ ദിലീപിനോടൊപ്പം അഭിനയച്ചതിനെക്കുറിച്ച് രജിഷ വിജയന്‍ പറയുന്നത്.
ഫ്രണ്ട്‌ലി എന്നു പറയുന്നതിനേക്കാള്‍ ഡൗണ്‍ ടു എര്‍ത്ത് എന്ന് പറയാനാണ് തനിക്കിഷ്ടം. ഇത്രയും ഹമ്പിളായിട്ടുള്ള ഒരാളെ ഇതുവരെ കണ്ടിട്ടില്ല. മമ്മൂട്ടിയെ കണ്ടപ്പോഴും ഇതു തന്നെയാണ് തോന്നിയതെന്നും രജിഷ വിജയന്‍ പറഞ്ഞു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം അനുഭവങ്ങള്‍ പങ്കുവെച്ചത്.
ആദ്യ ദിനം മുതല്‍ അവസാന ദിവസം വരെ ഒരേ പോലെയാണ് ദിലീപേട്ടന്‍ പെരുമാറിയത്. ചിത്രത്തില്‍ വളരെ കഷ്ടപ്പെട്ട് ചിത്രീകരിച്ച രംഗങ്ങളില്‍പ്പോലും യാതൊരു വിധ അസഹിഷ്ണുതയും പ്രകടിപ്പിച്ചിരുന്നില്ല. വെയിലും പൊടിയുമൊക്കെയായി ക്ഷീണിച്ചുവെങ്കിലും കാത്തു നില്‍ക്കുന്ന ആരാധകരെ കണ്ടേ താരം മടങ്ങാറുള്ളൂ.
ഇന്ന് താനെന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അതിന് കാരണം ജനങ്ങളാണ്. വന്ന വഴി ഒരിക്കലും മറക്കരുത്. ജനങ്ങളെ ഇത്രയധികം ഇഷ്ടപ്പെടുന്നതു കൊണ്ടാണ് ദിലീപ് ജനപ്രിയനായതെന്നും രജിഷ വിജയന്‍ പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട സകലമാന ചടങ്ങുകളും ഹോട്ടല്‍ മുറിയില്‍ നടത്തുന്ന പതിവാണ് നാളിതുവരെ കണ്ടിരുന്നത്. എന്നാല്‍ പതിവില്‍ നിന്നു മാറി ജനമധ്യത്തിലേക്കിറങ്ങുകയാണ് ദിലീപ്. പുതിയ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഓഡിയോ ലോഞ്ചിനായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലമാവട്ടെ തൃശ്ശൂരിലെ തേക്കിന്‍ കാട് മൈതാനവും. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന വേദികളിലൊന്നാണ് തേക്കിന്‍കാട് മൈതാനം. ചെണ്ട മേളത്തോടെയാണ് ഓഡിയോ ലോഞ്ച് പരിപാടി സംഘടിപ്പിച്ചത്.
അനുരാഗ കരിക്കിന്‍വെള്ളത്തിലെ നായിക കഥാപാത്രമായ എലിയെ സ്വീകരിക്കുന്നതിനു മുന്‍പ് ഒരുപാട് ആലോചിച്ചിരുന്നു. ആശങ്കയോടെയാണ് ഈ കഥാപാത്രത്തെ ഏറ്റെടുത്തത്. ചിത്രത്തിന്റെ സംവിധായകനും മറ്റു അണിയറ പ്രവര്‍ത്തകരും ഒരുപാട് സപ്പോര്‍ട്ട് ചെയ്യതതു കൊണ്ടാണ് തനിക്ക് ആ കഥാപാത്രത്തെ മികച്ചതാക്കാന്‍ കഴിഞ്ഞത്.
അനുരാഗ കരിക്കിന്‍ വെള്ളം തെരെഞ്ഞെടുക്കും മുമ്പ് കുലീനത്വും ശാലീനയും കൈമുതലായുള്ള പതിവു നായികമാരില്‍ നിന്നും വ്യത്യസ്തമായി കള്ളു കുടിച്ച് കരയുന്ന നായികയെ പ്രേക്ഷകസമൂഹം സ്വീകരിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ തന്റെ ആശങ്കയ്ക്കൊന്നും യാതോരുവിധ കാര്യവും ഉണ്ടായിരിുന്നില്ലെന്ന് ചിത്രം ഇറങ്ങിയതിനു ശേഷം മനസ്സിലായെന്നും താരം പറഞ്ഞു.