അനുരാഗ കരിക്കിൻ വെള്ളം എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് രജിഷ വിജയൻ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചതോടെ താരത്തെ തേടി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും കൈവന്നിരുന്നു.
സിനിമ ഒരു മാജിക്കാണെന്നും. സിനിമയിലെ ചില സീനുകളിൽ അഭിനേതാക്കൾ ചിലപ്പോൾ ഇമോഷണലായി അകപ്പെട്ടു പോകുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് രജിഷ വിജയൻ.
‘ലവ് ഫുള്ളി വേദ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തെ പരാമർശിച്ച് അഭിനയിക്കുന്ന സീനുകളിൽ താരങ്ങൾ ഇമോഷണലായി കണക്ടായി പോകുന്നതിനെക്കുറിച്ച് രജിഷ തുറന്ന് പറഞ്ഞത്.
“ആക്ടിങ്ങിൽ മാത്രം സംഭവിക്കുന്ന ചില മാജിക്കുകൾ ഉണ്ട്. നമ്മൾ ഒരു സീനിൽ അഭിനയിക്കുമ്പോൾ അത് അഭിനയം എന്നതിൽ നിന്ന് മാറി റിയാലിറ്റി എന്നതിലേക്ക് നമ്മൾ സ്വയം വിശ്വസിച്ചുപോകുന്ന ചില നിമിഷങ്ങളുണ്ട്.
അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ ഒരു ബ്രേക്ക് അപ്പ് സീനുണ്ട്. ആസിഫുമായുള്ള ഒരു കോമ്പിനേഷൻ സീനാണത്. ഞാൻ ആദ്യമായിട്ട് അഭിനയിക്കുന്ന സിനിമയാണത്. ആക്ടിങ്ങിനെക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമില്ല. ബ്രേക്കപ്പ് സീനിന്റെ ഒരു പോഷനിൽ ആസിഫിന് ഡയലോഗ് ഇല്ല.
ഞാനാണ് ഡയലോഗ് മുഴുവനും പറയേണ്ടത്. ആ സീനിൽ അഭിനയിക്കുന്നതിനിടെ ആസിഫ് അലിയുടെ കണ്ണ് തനിയെ നിറഞ്ഞു. ഷൂട്ടിൽ ഞങ്ങൾ ഗ്ലിസറിനൊന്നും ഉപയോഗിച്ചിരുന്നില്ല. സീൻ കഴിഞ്ഞ ശേഷം ആസിഫ് എന്നോട് ‘കരയിപ്പിച്ചു കളഞ്ഞല്ലോ’ എന്ന് പറഞ്ഞു.
അത് എന്നെ സംബന്ധിച്ച് വലിയൊരു മൊമന്റായിരുന്നു. ഒരു തുടക്കക്കാരിയായ എന്നോടാണ് ആസിഫ് അങ്ങനെ പറഞ്ഞത്. അത് ഒരു വലിയ അവാർഡ് ആയി തന്നെ ഞാൻ കണക്കാക്കുന്നു. സിനിമയുടെ ഒരു മാജിക്കാണത്, നമ്മൾ അഭിനയിക്കുന്നു എന്നത് മറന്ന് ജീവിക്കുന്നു എന്ന് തോന്നിക്കുന്ന ആക്ഷന്റെയും കട്ടിന്റെയും ഇടയിലുള്ള ഒരു മൊമന്റ്,’ രജിഷ വിജയൻ പറഞ്ഞു.
പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്ത ലവ് ഫുള്ളി യുവേഴ്സാണ് രജിഷയുടെതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.