മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്, സിനിമാ മേഖലയില്‍ മുഴുവന്‍ പ്രശ്നമാണെന്ന് വിചാരിച്ച് ആ ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ പേടിയോ, ഭയമോ ആവശ്യമില്ല: രജിഷ വിജയന്‍
Film News
മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്, സിനിമാ മേഖലയില്‍ മുഴുവന്‍ പ്രശ്നമാണെന്ന് വിചാരിച്ച് ആ ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ പേടിയോ, ഭയമോ ആവശ്യമില്ല: രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th May 2022, 11:43 am

വളരെ ചുരുക്കം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് രജിഷ വിജയന്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തമിഴിലും രജിഷ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ആസിഫ് അലിയും രജിഷ വിജയനും കേന്ദ്രകഥാപാത്രങ്ങളായ ‘എല്ലാം ശരിയാകും’ എന്ന ചിത്രമാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്തത്.

മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നും, ലൈംഗികാതിക്രമങ്ങള്‍ സിനിമയിലായത് കൊണ്ട് ആഘോഷിക്കപ്പെടുകയാണെന്നും പറയുകയാണ് രജിഷ വിജയന്‍. പോപ്പര്‍ സ്റ്റോപ്പ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”തീര്‍ച്ചയായും, മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്. അതില്‍ ഒരു സംശയവുമില്ല. ഏകദേശം ആറ് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. സിനിമാ മേഖലയില്‍ ഇതുവരെ ഒരു പ്രശ്‌നവും ഞാന്‍ നേരിട്ടിട്ടില്ല. എന്നാല്‍ ഒരു പ്രശ്നവും നേരിടാത്ത സ്ത്രീകള്‍ ഈ മേഖലയിലുണ്ടെന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. എനിക്ക് സംഭവിച്ചില്ല എന്നതിന്റെ അര്‍ത്ഥം വേറെ ആര്‍ക്കും ഇത് സംഭവിച്ചിട്ടില്ല എന്നല്ല. എനിക്ക് എന്റെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാന്‍ പറ്റു.

സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത പല ഇടങ്ങളുമുണ്ട്, അത് സിനിമ മാത്രമല്ല. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ പല മേഖലകളിലും ഉടനീളം നടക്കുന്നുണ്ട്. അത് സിനിമയിലായത് കൊണ്ട് അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ടി.ആര്‍.പിയും, വായനക്കാരും കാഴ്ചക്കാരും കിട്ടുന്നത് കൊണ്ട് അത് ആഘോഷിക്കപ്പെടും. അത് കൂടുതല്‍ വാചികമായി പ്രേക്ഷകരിലേക്ക് എത്തും,” രജിഷ വിജയന്‍ പറഞ്ഞു.

സിനിമാ മേഖലയിലേക്ക് വരാന്‍ ഭയപ്പെടേണ്ടതില്ലെന്നും, സിനിമയിലെ ഐ.സി.സി (ഇന്റേര്‍ണല്‍ കംപ്ലെയന്റ് കമ്മിറ്റി) ഫലപ്രദമാവാന്‍ സമയം നല്‍കണമെന്നും താരം പറയുന്നുണ്ട്.

”സിനിമ മേഖലയില്‍ മുഴുവന്‍ പ്രശ്നമാണെന്ന് വിചാരിച്ച് ആ ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ പേടിയോ, ഭയമോ ആവശ്യമില്ല. അങ്ങനെയൊന്നും വേണ്ട. തീര്‍ച്ചയായും, ഇവിടെ നല്ല ആളുകളുും ചീത്ത ആളുകളും ഉണ്ട്. അത് എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടാവും. നമ്മള്‍ അതിന് വേണ്ടി പല പുതിയ സ്റ്റെപ്സും എടുക്കുന്നുണ്ട്. ഐ.സി.സി എന്നുള്ളത് എല്ലാ മേഖലകളിലും വരേണ്ടതാണ്.

ഈ ഒരു കമ്മിറ്റി സിനിമയില്‍ വന്നതില്‍ വളരെ അധികം സന്തോഷമുണ്ട്. എന്നാല്‍ ഒരു കമ്മിറ്റി ഇന്ന് രൂപപ്പെട്ടാല്‍ നാളെ മുതല്‍ മാറ്റം വരും എന്നില്ല. അതിന് സമയം എടുക്കും. അതിന് നമുക്ക് പിന്തുണ നല്‍കാം, അതിന്റെ ഭാഗമാകാം. ശരിയായ ഫലം ലഭിക്കാന്‍ എല്ലാ ടീം അംഗങ്ങളും പ്രവര്‍ത്തിക്കണം എന്നുള്ളതാണ്. അതുകൊണ്ട് എത്ര എഫക്ടീവാണ് എന്നുള്ളത് ഇപ്പോള്‍ ചോദിക്കരുത്. അത് കമ്മിറ്റിയില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തും. ഒന്നോ രണ്ടോ വര്‍ഷം സമയം നല്‍കി അതിന്റെ വളര്‍ച്ച എങ്ങനെയെന്ന് നമുക്ക് നോക്കാം. എന്നിട്ട് നമുക്ക് അതിന്റെ അവലോകനം നടത്താം. അതിന് ശേഷം എന്തൊക്കെ ശരിയാക്കാം എന്നുള്ളതിനെ കുറിച്ച് ചര്‍ച്ച ചെയ്ത് അതിനെ മെച്ചപ്പെടുത്താം,” രജിഷ വിജയന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രജിഷ വിജയനും ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘കീടം’ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. രാഹുല്‍ റിജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജിഷയുടെ ‘ഖോ ഖോ’ എന്ന ചിത്രത്തിന് ശേഷം രാഹുല്‍ റിജി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം കൂടിയാണ് കീടം. ശക്തയായ സ്ത്രീ കഥാപാത്രമായാണ് രജിഷ ചിത്രത്തിലെത്തുന്നത്. സംവിധായകന്‍ രാഹുല്‍ റിജി തന്നെയാണ് ചിത്ത്രതിന്റെ തിരക്കഥ ഒരുക്കിയത്.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാകേഷ് ധരന്‍ ആണ് ഛായാഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗ്. രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മദന്‍, മഹേഷ് എം.നായര്‍ എന്നിവരാണ് ചിത്ത്രില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥ പ്രദീപ് ആണ് സംഗീതം.

Content Highlight: Rajisha Vijayan says that women are safe in Malayalam cinema