Entertainment
എനിക്കിനിയും സർജറി ചെയ്താലാണ് അത് മാറുകയുള്ളൂ, ലിഗമെന്റ് ഇൻജ്വറിയാണ് വന്നത് ഷൈൻ ചേട്ടന് വന്നപോലെ: രജിഷ വിജയൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 18, 05:49 pm
Sunday, 18th June 2023, 11:19 pm

ഷൂട്ടിങ്ങിനിടയിൽ പറ്റിയ പരിക്ക് ഒരു ശസ്ത്രക്രിയയിലൂടെയേ മാറ്റാൻ കഴിയൂ എന്ന് നടി രജിഷ വിജയൻ. ഫൈനൽസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒരാഴ്ച കൂടി ഉണ്ടായിരുന്നതുകൊണ്ട് തനിക്ക് ലൊക്കേഷനിലേക്ക് തിരികെ പോകേണ്ടി വന്നെന്നും നടൻ ഷൈൻടോം ചാക്കോക്ക് വന്നതിന് സമാനമായ മുറിവാണ് ഉണ്ടായിരുന്നതെന്നും രജിഷ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി എനിക്ക് സൈക്കിൾ ഓടിക്കാൻ പഠിക്കേണ്ടി വന്നു. ഒരു മാസത്തിനുള്ളിൽ ഞാൻ സ്പോർട്സ് സൈക്കിൾ ഓടിക്കാൻ പഠിച്ചു. സൈക്കിൾ ഓടിച്ച് പഠിക്കുന്ന സമയത്ത് ഞാൻ വീണില്ല. പക്ഷെ ഒരു ദിവസം സൈക്കിളിന്റെ ടയറിന്റെ ഇടയിൽ കമ്പ്കയറി. അങ്ങനെ ഞാൻ വീണു. ഈ സൈക്കിൾ ട്രാക്കിൽ ഇട്ട് ഓടിക്കുന്നതാണ്. അത് കുഴിയുള്ള റോഡിൽ ഓടിക്കാൻ പറ്റില്ല.

ഡബിൾ ബ്രേക്ക് വിട്ട് വീണാൽ നട്ടെല്ലിന് ക്ഷതം സംഭവിക്കും, അതുകൊണ്ട് വശങ്ങളിലേക്കെ വീഴാവൂ എന്ന് കോച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്താൽ അപകടം കുറക്കാൻ പറ്റും. ഷൂട്ടിങ്ങിനിടയിൽ ഒരു ചെരിവുള്ള സ്ഥലത്തുവെച്ചാണ് ഞാൻ വീണത്. ആശുപത്രിയിൽ പോയപ്പോൾ ചതവ് മാത്രമാണുള്ളതെന്ന് ഡോക്ടർ പറഞ്ഞു. അതുകൊണ്ട് പെയിൻ കില്ലർ മരുന്ന് കഴിച്ചിട്ടാണ് അടുത്ത ദിവസം ഞാൻ ഷൂട്ടിങ്ങിന് എത്തിയത്.

ഷൂട്ടിങ് തീരാറായപ്പോൾ പെയിൻ കില്ലർ കൂടുതൽ കഴിച്ചതുകൊണ്ടാവാം എനിക്ക് അസ്വസ്ഥതകൾ ഉണ്ടായി. എറണാകുളത്തുവെച്ച് ഞാൻ തളർന്ന് വീണു. ആശുപത്രിയിൽ എത്തിച്ചു അവിടെ വെച്ചാണ് അറിഞ്ഞത് അത് ലിഗമെന്റ് ടെയർ ആണെന്ന്. ഒരാഴ്ച കൂടി ഷൂട്ടിങ് ഉണ്ടായിരുന്നതുകൊണ്ട് വീണ്ടും ഷൂട്ടിന് പോകേണ്ടി വന്നു. നല്ല വേദന ഉണ്ടായിരുന്നു, ഷൈൻ ചേട്ടന് വന്നതുപോലെയുള്ള ഇൻജ്വറി ആയിരുന്നു അത്. പുള്ളി കാലിൽ മുഴുവൻ പ്ലാസ്റ്റർ ഇട്ടു. എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നതുകൊണ്ട് അത് പറ്റില്ലായിരുന്നു. ചെറിയ മുറിവാണെങ്കിൽ അത് പെട്ടെന്ന് മാറും, വലിയ മുറിവുകൾക്ക് സർജറി തന്നെ വേണം. എനിക്ക് ഇനിയും സർജറി ചെയ്താലാണ് അത് മാറുകയുള്ളൂ,’ രജിഷ പറഞ്ഞു.

കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി മാത്യു സംവിധായികയായി അരങ്ങേറ്റം കുറിച്ച മധുര മനോഹര മോഹമാണ് രജിഷയുടെ ഏറ്റവും പുതിയ ചിത്രം. രജിഷക്ക് പുറമേ ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, സൈജു കുറുപ്പ്, ആര്‍ഷ ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Hoighlights: Rajisha Vijayan on Injury